കോഴിക്കോട്: നടൻ മാമുക്കോയയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് ആരോഗ്യനില വഷളാക്കിയത്. നിലവിൽ മാമുക്കോയ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.
മലപ്പുറം കാളികാവിൽ വെച്ച് തിങ്കളാഴ്‌ച രാത്രിയാണ് മാമുക്കോയക്ക് ഹൃദയാഘാതം ഉണ്ടായത്. കാളികാവ് പൂങ്ങോട് ഫുട്ബോൾ ടൂർണമെന്‍റ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു അദ്ദേഹം. പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീണു. രാത്രി 10 മണിയോടെയായിരുന്നു സംഭവം. ഉടൻ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഐസിയു ആംബുലൻസിൽ ചൊവ്വാഴ്‌ച പുലർച്ചെയാണ് മാമുക്കോയയെ കോഴിക്കോട്ടേക്ക് കൊണ്ടുവന്നത്.