കോഴിക്കോട്: കാൽ നൂറ്റാണ്ട് ഒളിവിൽ നടന്ന അബ്‌കാരി കേസ് പ്രതി പിടിയിൽ. ഇരുപത്തിയഞ്ച് വർഷക്കാലം പൊലീസിനെ വെട്ടിച്ച് മുങ്ങി നടന്ന അബ് കാരി കേസ് പ്രതി തിരുവമ്പാടി സ്വദേശി തോട്ടുങ്ങര വർക്കിയാണ് (68) പിടിയിലായത്.
1996 ഏപ്രിൽ ഏഴിനാണ് വ്യാജ ചാരായ വിൽപന നടത്തിയ കേസിൽ വർക്കി പൊലീസ് പിടിയിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്യുകയും തുടർന്ന് ഇയാൾ 40 ദിവസം ജയിലിൽ കിടക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ വർക്കി തുടർച്ചയായി കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. വിലാസത്തിൽ അന്വേഷണം നടത്തിയെങ്കിലും വർക്കിയെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തെറ്റായ മേൽവിലാസം നൽകി പ്രതി പൊലീസിനെയും കോടതിയെയും കബളിപ്പിക്കുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പിടികിട്ടാ പുള്ളികളെ അറസ്റ്റ് ചെയ്യണമെന്ന റൂറൽ എസ്‌പി ഡോ ശ്രീനിവാസൻ്റെ നിർദേശപ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.