കോഴിക്കോട്: യാത്രകളോടുള്ള സ്‌നേഹം അതിരുകടക്കുമ്പോൾ അതിനു വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്നവരുണ്ട്. അങ്ങനെയാണ് കോഴിക്കോട്ടുകാരൻ ആകാശ് കൃഷ്ണ യാത്രകൾക്ക് കൂട്ടായി സൈക്കിൾ ക്യാമ്പർ നിർമിച്ചത്. യാത്രയുടെ ഇടവേളകളിൽ വിശ്രമിക്കാൻ ടെന്റ് ഹൗസിനെക്കാൾ എന്തുകൊണ്ടും ഉചിതം സൈക്കിൾ ക്യാമ്പറാണെന്ന തിരിച്ചറിവാണ് ക്യാമ്പർ നിർമാണത്തിൽ മനസ് ഉടക്കിയത്.
ആക്രി കടയിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ കൊണ്ട് ഒരു ഗിയർ സൈക്കിളാണ് ആദ്യം നിർമിച്ചത്. ഇരുമ്പ് ചട്ടക്കൂടിൽ പിവിസി വുഡ് ഉപയോഗിച്ച് നിർമിച്ചതാണ് ക്യാമ്പറിന്റെ പുറംഭാഗം. രണ്ടുപേർക്ക് ഉറങ്ങാൻ സൗകര്യമുള്ള ക്യാമ്പറിന്റെ അകത്ത് ലൈറ്റുകൾ, ഫ്രിഡ്‌ജ് , ഇൻവെർട്ടർ, വാട്ടർകൂളർ, ടി.വി, എക്സോസ്റ്റ് ഫാൻ, സെക്യൂരിറ്റി അലാറം എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. ക്യാമ്പറിൽ സ്ഥാപിച്ച സോളാർ വഴിയാണ് വൈദ്യുതി ലഭ്യമാക്കുന്നത്.
Also Read: 'ലോക്ക്ഡൗണില്‍ ലോക്ക് ആവാതെ ശിഹാബ്'; നിര്‍മിച്ചത് ഇലക്ട്രിക്കല്‍ സൈക്കിള്‍
കയറ്റങ്ങളിൽ മോട്ടോറിന്റെ സഹായത്തോടെയാണ് സൈക്കിൾ മുന്നോട്ടു പോകുക. എം.80 സ്കൂട്ടറിന്റെ ചക്രങ്ങളിലാണ് ക്യാമ്പർ ഉറപ്പിച്ചിരിക്കുന്നത്. 75 കിലോ ഭാരമുള്ള ക്യാമ്പറിന് 90 സെൻറീമീറ്റർ വീതിയും 180 സെ.മീ നീളവുമുണ്ട്. നിർമാണത്തിനായി 65000 രൂപയോളം ചെലവായെന്ന് ആകാശ് കൃഷ്ണ പറയുന്നു.
അച്ഛനും അമ്മയുമാണ് സ്പോൺസർമാർ. സൈക്കിൾ ക്യാമ്പറിൽ ഇന്ത്യ ചുറ്റുകയാണ് സ്വപ്നം. അതിനു മുമ്പ് കേരളയാത്ര നടത്തണം. ക്യാമ്പർ പുറത്തിറക്കുന്നതിന് നിയമതടസങ്ങളില്ലെന്ന് ഉറപ്പിച്ച ശേഷമായിരിക്കും യാത്രകളെന്ന് ആകാശ് കൃഷ്ണ പറഞ്ഞു. കോഴിക്കോട് പടനിലം നമ്പിപറമ്പത്ത് ഉദയന്റെയും റീജയുടെയും മകനായ ആകാശ കൃഷ്ണ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ്.