കോഴിക്കോട് : പയ്യോളിയില്‍ പച്ചമരുന്ന് ചികിത്സയുടെയും മന്ത്രവാദത്തിന്‍റെയും മറവില്‍ മദ്രസ അധ്യാപകന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തിയയാള്‍ അറസ്റ്റില്‍. കാസര്‍കോട് ഉപ്പള സ്വദേശിയായ മുഹമ്മദ് ഷാഫിയെന്ന വ്യാജ സിദ്ധനാണ് പിടിയിലായത്. ഇന്നലെ(ഒക്‌ടോബര്‍ 16) രാത്രിയാണ് ഇയാള്‍ അറസ്റ്റിലായത്.
പാലക്കാട് ആലത്തൂര്‍ സ്വദേശിയും പയ്യോളിയിലെ മദ്രസ അധ്യാപകനുമായ മാട്ടുമല ഇസ്‌മയിലാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഏഴര പവന്‍ സ്വര്‍ണവും 2,25000 രൂപയുമാണ് ഇയാള്‍ മോഷ്‌ടിച്ചത്. ട്രെയിന്‍ യാത്രയ്ക്കിടെ നാല് മാസം മുൻപാണ് ഇസ്‌മയില്‍ ഷാഫിയെ പരിചയപ്പെടുന്നത്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് ഇസ്‌മയില്‍ പറഞ്ഞിരുന്നു. അപ്പോള്‍ തനിക്ക് ചികിത്സ നല്‍കാന്‍ കഴിയുമെന്നും സിദ്ധനാണെന്നും ഷാഫി ഇയാളെ ധരിപ്പിച്ചു.
ചികിത്സ നടത്താനായി സെപ്‌റ്റംബര്‍ 22ന് ഷാഫി പയ്യോളിയിലെ ഇസ്‌മയിലിന്‍റെ വീട്ടിലെത്തി. ചികിത്സയ്ക്കിടെ നമസ്‌കരിക്കാനാണെന്ന് പറഞ്ഞ് കിടപ്പ് മുറിയില്‍ കയറിയ ഇയാള്‍ അലമാരയില്‍ സൂക്ഷിച്ച പണവും സ്വര്‍ണവും കവര്‍ന്ന് രക്ഷപ്പെട്ടു. തുടര്‍ന്ന് ഒക്‌ടോബര്‍ രണ്ടിന് ഇയാള്‍ ഇസ്‌മയിലിനെ ഫോണില്‍ വിളിച്ചു.
ചാത്തന്‍ സേവയിലൂടെ നിങ്ങളുടെ വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണവും പണവുമെല്ലാം നഷ്‌ടപ്പെടുമെന്നും രണ്ട് ദിവസത്തിന് ശേഷം മാത്രമേ പണം സൂക്ഷിച്ച പെട്ടി തുറക്കാവൂവെന്നും പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് പെട്ടി തുറന്ന് നോക്കിയപ്പോഴും സ്വര്‍ണവും പണവും കണ്ടില്ല. ഇതേ തുടര്‍ന്ന് ഇസ്‌മയില്‍ ഷാഫിയെ വിളിച്ച് വിവരമറിയിച്ചെങ്കിലും ചാത്തന്‍ സേവയിലൂടെ തന്നെ സ്വര്‍ണവും പണവും തിരികെ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചു.
എന്നാൽ പിന്നീട് ഷാഫി ഫോൺ എടുക്കാതായതോടെ ഇസ്മയിൽ പൊലീസിനെ സമീപിക്കുകയായിരുന്നു. ചികിത്സയ്‌ക്കെന്ന വ്യാജേന പല തവണയായി ഇസ്‌മയിലില്‍ നിന്ന് 75,000 രൂപയും ഇയാള്‍ കൈപ്പറ്റിയിരുന്നു.