കോഴിക്കോട്: നിപയോട് പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ ഓർമകൾക്ക് മൂന്നാണ്ട്. നിപയോട് പോരാടി 2018 മെയ് 21നാണ് സിസ്റ്റർ ലിനി മരണത്തിന് കീഴടങ്ങിയത്. പേരാമ്പ്രയിൽ പടർന്ന ഒരു അപൂർവ രോഗത്തിൻ്റെ കഥ നാട്ടിലാകെ ചർച്ചയായ ദിവസങ്ങൾ.
ഓരോരുത്തരായി മരണത്തിന് കീഴടങ്ങിയപ്പോൾ നാടും നഗരവും നടുങ്ങി.ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ കോഴിക്കോട് ക്യാമ്പ് ചെയ്‌തു. കോഴിക്കോട് ചങ്ങരോത്ത് സൂപ്പിക്കടയിൽ സാബിത്ത് എന്ന യുവാവിന്റെ മരണ ശേഷമാണ് രോഗം നിപയാണെന്ന് തിരിച്ചറിഞ്ഞത്.
ബേബി മെമ്മോറിയലിൽ നിന്നയച്ച സ്രവ സാമ്പിളുകൾ നിപ ലക്ഷണങ്ങളുള്ളതാണെന്ന് മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മെയ് 19ന് വിവരം ലഭിച്ചു. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഫലം വന്നത് മെയ് 20ന്. ഔദ്യോഗികമായി നിപ സ്ഥിരീകരിക്കുന്നത് അന്നാണ്.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനിക്ക് അപ്പോഴേക്കും രോഗം പകർന്നിരുന്നു. സാബിത്തിൽ നിന്നായിരുന്നു ലിനിക്ക് അസുഖം പടർന്നത്. രോഗത്തിൻ്റെ ഗുരുതരാവസ്ഥ മനസിലാക്കിയ ലിനി മക്കളെ നന്നായി നോക്കണമെന്ന് പറഞ്ഞ് ഭർത്താവ് സജീഷിനെഴുതിയ കുറിപ്പ് കേരളക്കരയുടെ കണ്ണിൽ ഈറനണിയിച്ചു. മേയ് 21ന് ലിനി നിപക്ക് കീഴടങ്ങി.
ലിനിയുടെ മരണം അന്ന് വരെ കാണാത്ത സങ്കടക്കടലായി. ആതുരാലയ രംഗത്തുള്ളവർ ലിനിയുടെ പേരിൽ ഏറെ ആദരിക്കപ്പെട്ടു. സ്വന്തം ജീവിതം മറന്ന് ഓരോ തരം രോഗിയേയും പരിചരിക്കുന്നവരുടെ ലോകത്ത് ലിനിയുടെ ഓർമകൾക്ക് മരണമില്ല. ഇന്ത്യയുടെ ഹീറോ എന്ന് ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ച സിസ്റ്റർ ലിനി തന്നെയാണ് എന്നും യഥാർഥ ഹീറോ.
READ MORE: ലിനി വിടവാങ്ങിയിട്ട് രണ്ട് വര്‍ഷം; അനുശോചിച്ച് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും