കോഴിക്കോട്: വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിൻ്റെ വികസനത്തിനായി കാർഷിക സർവകലാശാല കേന്ദ്രവും കൺവെൻഷൻ സെൻ്ററും പരീക്ഷണശാലയുമടക്കം 22 പദ്ധതികൾ. 110 കോടിയുടെ മാസ്റ്റർ പ്ലാനിലാണ് പദ്ധതി നടപ്പാക്കുന്നത്. വേങ്ങേരി കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ സമ്പൂർണ വികസനത്തിനായി സർക്കാറിന് സമർപ്പിച്ച മാസ്റ്റർ പ്ലാനിലാണ് 22 പദ്ധതി നടപ്പിലാക്കുന്നത്.
കഴിഞ്ഞ ഡിസംബറിലാണ് കാർഷിക വിപണന കേന്ദ്രത്തിൻ്റെ വികസനത്തിനായി വിപുലമായ മാസ്റ്റർ പ്ലാൻ സർക്കാറിന് സമർപ്പിച്ചത്. 100ൽ അധികം വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും മാർക്കറ്റിനകത്തുണ്ട്. പദ്ധതി മൂന്നുവർഷംകൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പൊതുജനങ്ങൾക്കായി നടപ്പാതയും വ്യായാമം ചെയ്യാനുള്ള സ്ഥലവും തുടങ്ങി വിപുലമായ സൗകര്യങ്ങൾ മാസ്റ്റർപ്ലാൻ പദ്ധതിയിലുണ്ട്. കൂടാതെ ചില്ലറ വിൽപനശാലയും കാർഷിക ഉപന്നങ്ങളുടെ സംഭരണം, ഇ-പോർട്ടൽ സംവിധാനം, മലബാർ കാർഷിക വിപണന മേളയും കൺവെൻഷൻ സെൻ്ററും ഇലക്ട്രോണിക് ലേലം നടത്താനുള്ള സൗകര്യം, ഖരമാലിന്യ സംസ്‌കരണ സംവിധാനം എന്നിവയും മാസ്റ്റർപ്ലാനിൽ ഉണ്ട്. നിലവിൽ കാർഷിക വിപണന കേന്ദ്രത്തിലുള്ള സൗകര്യങ്ങൾ പലതും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. കാർഷിക കേന്ദ്രത്തിന് അനുവദിച്ച സ്ഥലത്തിൻ്റെ പകുതിയോളം ഭാഗം കാടുപിടിച്ചു കിടക്കുകയാണ്.