കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വർണം പിടികൂടി. എട്ട് പേരിൽ നിന്നായാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസ് വിഭാഗം സ്വര്‍ണം പിടികൂടിയത്. ഇൻഡിഗോ വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കർണാടക ശിവമോഗ സ്വദേശി ഷബീർ ഇൻസ്റ്റന്‍റ് കാപ്പി പൊടിയിൽ സ്വർണം പൊടിരൂപത്തില്‍ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്. ചെക്കിൻ ബാഗ്ഗേജിനകത്തു സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കാസർകോട് സ്വദേശികളായ അബ്ബാസ്, അസ്‌ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാൽ എന്നിവർ പിടിയിലായത്.
ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയതായിരുന്നു ഇവർ. ഈന്തപ്പഴത്തിന്‍റെയും ചോക്ലേറ്റിന്‍റെയും ഉള്ളില്‍ അതിവിദഗ്ധമായി പേസ്റ്റ് രൂപത്തിലാക്കിയാണ് വയനാട് സ്വദേശി ബഷീർ സ്വർണം കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ ടി. എ. കിരണിന്‍റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ. പി. മനോജ്, രഞ്ജി വില്ല്യം, ഇൻസ്പെക്ടമാരായ സൗരബ് കുമാർ, മിനിമോൾ ടി, ശിവാനി, പ്രണെയ് കുമാർ, രോഹിത് ഖത്രി, അഭിലാഷ് ടി. എസ്, ഹെഡ് ഹവൽദാർമാരായ അബ്ദുൽ ഗഫൂർ, കെ. സി. മാത്യു എന്നിവരടങ്ങിയ സംഘമാണ് സ്വർണം പിടികൂടിയത്.