കോഴിക്കോട്: മാവൂരില്‍ 12.450 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പഴയംകുന്നത്ത് ആദർശ് ബാബുവാണ് ഡൻസാഫ് (ഡിസ്ട്രിക്ട് ആന്‍റി നാർകോട്ടിക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്‌സ്) സ്ക്വാഡിന്‍റെ പരിശോധനക്കിടെ പിടിയിലായത്.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തിലധികം വില വരും.10 കിലോയിലധികം കഞ്ചാവുമായി ഇയാളെ കഴിഞ്ഞ വർഷം ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ആ കേസിൽ ജാമ്യത്തില്‍ ഇറങ്ങിയതാണിയാള്‍. ആന്ധ്രയില്‍ നിന്നും ഇയാൾ വൻതോതിൽ കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് നൽകുന്നതായി പൊലീസിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. വ്യാജമദ്യ വിൽപന നടത്തിയതിനും ഇയാളുടെ പേരില്‍ കേസുണ്ട്. ജനുവരിയില്‍ 15 കിലോയിലധികം കഞ്ചാവുമായി രണ്ട് പേരെ കുന്ദമംഗലത്തും 50 ഗ്രാമോളം ബ്രൗൺഷുഗറുമായി രണ്ട് പേരെ ടൗൺ സ്റ്റേഷൻ പരിധിയിലും ഡൻസാഫും ലോക്കൽ പൊലീസും ചേർന്ന് പിടികൂടിയിരുന്നു.
മാവൂർ പൊലീസ് സബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ പ്രസാദ്.കെ, ബിജു.എ, റിനീഷ് മാത്യു, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ എൻ., ശോജി പി, രതീഷ് എം.കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.