കോഴിക്കോട്: കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ഒറ്റദിവസം 11 മുട്ടയിട്ട കോഴി മറ്റൊരു ചോദ്യ ചിഹ്നമാകുന്നത്. ഒറ്റദിവസം 11 മുട്ട എന്നത് കുറച്ചധികമല്ലേ എന്ന് ചോദിക്കുന്നവരുണ്ട്. അവരോട് പറയാനുള്ളത്, കോഴിക്കോട് ബാലുശ്ശേരി കൊളത്തൂർ കുന്നത്ത് മീത്തൽ മനോജിന്‍റെ വീട്ടിലെ കോഴി ഒറ്റദിവസം ഇട്ടത് ശരിക്കും 11 മുട്ട തന്നെയാ....
ഇനി കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന ചോദ്യം മാറ്റിപ്പിടിക്കാം, ഒരു കോഴി ഒരു ദിവസം എത്ര മുട്ടയിടും എന്ന ചോദ്യമാണ് ബാലുശേരിക്കാർ ചോദിക്കുന്നത്. ജൂൺ 25 വ്യാഴാഴ്‌ചയാണ് ആ അത്‌ഭുത സംഭവം നടന്നത്. നാലു മാസം മുൻപ് കപ്പുറത്തെ ഇളയമ്മയുടെ വീട്ടിൽ നിന്നാണ് മനോജ് കോഴിയെ കൊണ്ടുവന്നത്.
കൊണ്ടുവന്ന പാടെ പേരുമിട്ടു, കറുത്തമ്മ. വ്യാഴാഴ്‌ച രാവിലെ ഏഴു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ അര മണിക്കൂർ ഇടവേളകളിലാണ് 'കറുത്തമ്മ' ഈ അത്‌ഭുത പ്രതിഭാസം നടത്തിയത്. പത്ത് മുട്ടകൾ കൂട്ടിലും ഒന്ന് പുറത്തും.
എല്ലാം ഹോർമോണിന്‍റെ കളിയാ...
ഒരു മുട്ടയ്ക്ക് അല്പം വലുപ്പം കൂടുതലാണ്. ബുധനാഴ്‌ച രണ്ട് മുട്ടകളിട്ട് തുടങ്ങിയ കോഴി, വ്യാഴാഴ്‌ച പതിനൊന്നും വെള്ളിയാഴ്ച രണ്ട് മുട്ടകളുമിട്ടു. ഈ അത്ഭുത പ്രതിഭാസത്തിൽ നാട്ടുകാർക്ക് അസൂയയും സംശയവും ഇല്ലാതില്ല. എന്നാ പിന്നെ കാര്യങ്ങൾ സയന്‍റിഫിക്ക് ആക്കാനായി വീട്ടുകാർ മൃഗഡോക്‌ടറെ സമീപിച്ചു.
ഹോർമോൺ വ്യതിയാനം കൊണ്ട് ഇങ്ങനെ സംഭവിക്കാമെന്നാണ് ഡോക്ടറുടെ മറുപടി. അതോടെ വീട്ടുകാരും നാട്ടുകാരും ഹാപ്പി. കറുത്തമ്മ ഇനിയും മുട്ടയിടട്ടെ.... എന്നാലും കോഴി ഇത്രയും വലിയ അത്ഭുതം സൃഷ്ടിച്ചതിന്‍റെ ആഹ്ളാദത്തിലാണ് മനോജും കുടുംബവും.
ALSO READ: സംസ്ഥാനത്ത് തിങ്കളാഴ്‌ച മുതൽ മഴ കനക്കും ; മുന്നറിയിപ്പ്