കോട്ടയം: ചങ്ങനാശേരിയില്‍ 10 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസിന്‍റെ പിടിയില്‍. ഇന്നലെ രാത്രിയില്‍ നടന്ന വാഹന പരിശോധനയിലാണ് കാവാലം ചെറുകര സ്വദേശി കിഷോര്‍ മോഹനൻ (30) അറസ്റ്റിലായത്. ഇയാള്‍ കഞ്ചാവ് കടത്തികൊണ്ടുവന്ന ഹോണ്ട ജാസ് കാറും പിടിച്ചെടുത്തു.
രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണം
കൂട്ടുപ്രതി തൃശൂര്‍ കണ്ണംകുളങ്ങര കൂര്‍ക്കഞ്ചേരി സ്വദേശി പെരിയ വിട്ടില്‍ അരുണ്‍കുമാര്‍ (30) വാഹനത്തില്‍ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. എക്‌സൈസ് കമ്മിഷണറുടെ സ്‌ക്വാഡ് അംഗം ഇന്‍സ്‌പെക്ടര്‍ വൈശാഖ് വി പിള്ളയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോട്ടയം എക്‌സൈസ് എന്‍ഫോഴ്‌സ്മെന്‍റ് ആന്‍റ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം സൂരജിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണത്തിന് നേതൃത്വം നല്‍കി.
കഞ്ചാവെത്തിച്ചത് തമിഴ്‌നാട്ടില്‍ നിന്നും
തമിഴ്‌നാട്ടില്‍ നിന്ന് ചങ്ങനാശേരിയില്‍ വിപണനത്തിനായി എത്തിച്ച കഞ്ചാവാണ് പിടികൂടിയത്. കൂട്ടുപ്രതിയേയും സംഘത്തേയും കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും താമസിയാതെ ഇവരും പിടിയിലാകുമെന്നും എക്‌സൈസ് പറയുന്നു. കിഷോറിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ALSO READ: ഐഎൻഎൽ യോഗത്തില്‍ സംഘർഷം; ചേരിതിരിഞ്ഞ് തമ്മില്‍തല്ലി പ്രവർത്തകർ