കോട്ടയം: നഗരത്തിൽ മാലിന്യ സംസ്‌കരണത്തിന് മാർഗമില്ല. പലയിടത്തും മാലിന്യങ്ങൾ കുന്നുകൂടിയ അവസ്ഥയാണുള്ളത്. നഗരസഭയിൽ ഹരിത കർമ സേന ഉൾപ്പെടെ 260ന് മേൽ ശുചീകരണ ജീവനക്കാരുണ്ടെങ്കിലും മാലിന്യ സംസ്‌കരണം കൃത്യമായി നടക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ മാലിന്യം സംസ്‌കരിക്കാൻ സ്ഥലമില്ലാത്തതാണ് പ്രശ്‌നമെന്ന് നഗരസഭ പറയുന്നു.
നഗരത്തിന് സമീപത്തെ പഞ്ചായത്തിലെ വടവാതൂർ ഡംപിങ് യാർഡ് എന്ന ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു പണ്ട് മാലിന്യങ്ങൾ സംസ്‌കരിച്ചിരുന്നത്. ഇത് സമീപവാസികൾക്ക് ശല്യമായതോടെ വർഷങ്ങൾക്ക് മുൻപ് തന്നെ അടച്ചുപൂട്ടിയിരുന്നു. ഇതിന് ശേഷം കോടി മതയിലും നാഗമ്പടത്തുമാണ് മാലിന്യം കുഴിവെട്ടി മൂടിയിരുന്നത്.
നിലവിൽ നഗരത്തിലെ ഏഴ് മാലിന്യ പോയിന്‍റുകളും നിറഞ്ഞു കഴിഞ്ഞു. ദുർഗന്ധം രൂക്ഷമാകുകയും റോഡിലേക്ക് മലിന ജലം ഒഴുകുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് എങ്ങോട്ട് കൊണ്ടു പോകണമെന്ന് ജീവനക്കാർക്കറിയില്ല.
അതേസമയം, മാലിന്യം നീക്കം ചെയ്യാൻ ഉടൻ സാധിക്കില്ലെന്നാണ് നഗരസഭ പറയുന്നത്. മാലിന്യ സംസ്‌കരണത്തിന് വി കെയർ (We care) എന്ന ഏജൻസിയെ ഏൽപ്പിച്ചുവെന്നും വ്യാഴാഴ്‌ച ഈ പദ്ധതിയുടെ ഉദ്ഘാടനം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നിർവഹിക്കുകയും ചെയ്‌തുവെന്ന് നഗരസഭ വ്യക്തമാക്കി.
എന്നാൽ, വി കെയർ ഏജൻസി വീടുകളിലെ മാലിന്യങ്ങളാണ് ശേഖരിക്കുന്നതെന്നും വഴിയോരത്തെ മാലിന്യം നീക്കം ചെയ്യുന്നത് അപ്പോഴും പ്രതിസന്ധിയിലാണെന്നും നാട്ടുകാർ പറയുന്നു. വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കുന്നതിന് വീടൊന്നിന്ന് 260 രൂപയും അതിനുപുറമേ ജിഎസ്‌ടിയും നൽകണം. രണ്ട് വാർഡുകളിൽ മാത്രം നടപ്പാക്കുന്ന ഈ പദ്ധതി വിജയിച്ചാൽ എല്ലാ വാർഡുകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് നഗരസഭ പറയുന്നത്.
മാലിന്യ പോയിന്‍റുകളിൽ ക്യാമറ സ്ഥാപിക്കാനും മാലിന്യം നിക്ഷേപം നടത്തുന്നവരുടെ പിഴ ഒരു ലക്ഷം രൂപയാക്കാനുമാണ് നഗരസഭ ആലോചിക്കുന്നത്. നഗരത്തിന് പുറത്ത് നിന്ന് ഇവിടെ മാലിന്യം തള്ളുന്നവർ കൂടുതലാണെന്ന് നഗരസഭ പറയുന്നു. ഇപ്പോൾ കെട്ടിക്കിടക്കുന്ന മാലിന്യം തരംതിരിച്ച് തുമ്പൂർ മൂഴി മോഡൽ (കമ്പോസ്റ്റിങ് രീതി) പ്രോജക്‌ടിലേക്ക് മാറ്റുമെന്നുമാണ് നഗരസഭ പറയുന്നത്. എന്നാൽ ഇതിന് കാലതാമസം എടുക്കുമെന്നും പറയുന്നു.
മധ്യപ്രദേശിലെ ഇൻഡോർ മോഡലിലുള്ള കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്‍റ് ഇവിടെ സ്ഥാപിക്കാൻ സ്ഥലം വിട്ട് നൽക്കാമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും അനുകൂല നടപടിയുണ്ടാകുമെന്നുമാണ് പ്രതീക്ഷയെന്നും നഗരസഭാ അധികൃതർ വ്യക്തമാക്കി.