കോട്ടയം: ഒറ്റനോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തിന്‍റെ ബാലറ്റ് യൂണിറ്റ്. സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഇംഗ്ലീഷ്, ഗ്രീക്ക് അക്ഷരങ്ങള്‍. ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്‌ടര്‍ മുറിച്ചപ്പോള്‍ മധുരം നിറഞ്ഞ കേക്ക്. വോട്ടര്‍ ബോധവത്കരണ പരിപാടി സ്വീപിന്‍റെ ഭാഗമായ വോട്ടു വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ചടങ്ങിനോടനുബന്ധിച്ചാണ് ബാലറ്റ് യൂണിറ്റിന്‍റെ മാതൃകയിലുള്ള കേക്ക് മുറിച്ചത്.
പ്രത്യേകം സജ്ജീകരിച്ച വാഹനത്തിന്‍റെ ഫ്‌ളാഗ് ഓഫ് കലക്‌ടര്‍ നിര്‍വഹിച്ചു. കോട്ടയം നഗരത്തിലെ വിവിധ കോളജുകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ചേർന്ന് സ്വീപ്പിന്‍റെ പ്രചാരണ ഗാനം ആലപിച്ചു. ഡെപ്യൂട്ടി കലക്‌ടര്‍ എസ്.എല്‍. സജികുമാര്‍, സ്വീപ് നോഡല്‍ ഓഫീസര്‍ അശോക് അലക്‌സ് ലൂക്ക്, ജില്ല പ്ലാനിംഗ് ഓഫീസര്‍ സത്യപ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
മാര്‍ച്ച് 27 വരെ ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളില്‍ വോട്ട് വണ്ടി പര്യടനം നടത്തും. പ്രധാന സ്ഥലങ്ങളും മുന്‍ തെരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനം കുറഞ്ഞ മേഖലകളും കേന്ദ്രീകരിച്ച് വോട്ട് ചെയ്യേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് ലക്ഷ്യം.