കോട്ടയം: സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി എൻ വാസവൻ. സഹകരണ മേഖലയെ തകർക്കാൻ ബോധപൂർവമായ ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ കാരണങ്ങളാല്‍ സഹകരണ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ച തുക തിരികെ കൊടുക്കാന്‍ കഴിയാത്ത 164 സംഘങ്ങളാണ് നിലവിലുള്ളത്.
ഇതില്‍ 132 എണ്ണവും വെല്‍ഫയര്‍ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ എന്നിവയാണ്. ഇതില്‍ പലതും ലിക്വിഡേഷന്‍ നടപടികള്‍ ആരംഭിച്ചതും സഹകരണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം നടപടികള്‍ ആരംഭിച്ചിട്ടുള്ളതും പ്രവര്‍ത്തന വൈകല്യം മൂലം പിരിച്ചുവിടപ്പെട്ടതോ അഡ്‌മിനിസ്‌ട്രേറ്ററോ, അഡ്‌മിനിസ്‌ട്രേറ്റിവ് കമ്മിറ്റി ഭരിക്കുന്നതോ ആയ സംഘങ്ങളാണ്.
നിക്ഷേപകരുടെ പണം തിരികെ നല്‍കുന്നതിന് നിയമപരമായ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ക്രിമിനല്‍ അന്വേഷണം നേരിടുന്ന സംഘങ്ങളില്‍ നിന്നും നിക്ഷേപം തിരികെ നല്‍കുന്നതിന് ചില നിയമപരമായ തടസങ്ങളുണ്ട്. ചില പ്രത്യേക ഉദ്ദേശ്യത്തോടെ പൊതുജനങ്ങളെ പ്രേരിപ്പിച്ച് നിക്ഷേപം നടത്തുകയും പ്രവര്‍ത്തന വൈകല്യം മൂലം സംഘത്തിന്‍റെ പ്രവര്‍ത്തനം നിലച്ചതുമായ സഹകരണ സംഘങ്ങളിലെ നിക്ഷേപം തിരികെ നല്‍കാന്‍ സാഹചര്യമുണ്ട്.
വെല്‍ഫയര്‍ സംഘങ്ങള്‍, റസിഡന്‍സ് അസോസിയേഷന്‍ സഹകരണ സംഘങ്ങള്‍, ലേബര്‍ സഹകരണ സംഘങ്ങള്‍ തുടങ്ങിയ പേരുകളില്‍ തുടങ്ങുന്ന സംഘങ്ങളില്‍ നിക്ഷേപം സ്വീകരിച്ച ശേഷം തിരികെ നല്‍കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു. കരുവന്നൂര്‍ സഹകരണ സംഘത്തില്‍ 38.75 കോടി നിക്ഷേപം തിരികെ നല്‍കിയിട്ടുണ്ട്.
ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയതാണ്. മകന്‍റെ ചികിത്സയ്‌ക്കും പണം നൽകിയിരുന്നു. ജൂൺ 28ന് പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് നൽകാൻ കഴിയാതിരുന്നത്. ഫിലോമിനയുടെ ഭർത്താവിനോട് ജീവനക്കാർ മോശമായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തും. അന്വേഷണ ചുമതല സഹകരണ സംഘം അഡീഷണൽ രജിസ്‌ട്രാർക്ക് ആയിരിക്കും. സഹകരണ മേഖലയിൽ നിയമ ഭേദഗതി പരിഗണനയിലെന്നും മന്ത്രി വാസവൻ കോട്ടയത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എല്‍ഡിഎഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗം വിട്ടു പോകുമെന്നത് യുഡിഎഫിന്‍റെ സ്വപ്‌നം മാത്രമാണ്. എല്‍ഡിഎഫില്‍ ഊന്നുവടിയായി ആരുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ കേൾക്കുന്നത് മാണി സി കാപ്പൻ ബിജെപിയിലേക്ക് എന്ന വാർത്തയാണെന്നും മന്ത്രി പറഞ്ഞു.