കോട്ടയം: കോടിയേരി ബാലകൃഷ്‌ണന്‍റെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദർശനത്തിന് വയ്‌ക്കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി വിഎന്‍ വാസവന്‍. ഡോക്‌ടർമാരുടെ നിർദേശമാണ് നടപ്പാക്കിയത്. മൃതദേഹത്തിന്‍റെ സ്ഥിതി വളരെ മോശമായതിനാല്‍ ദീർഘയാത്ര പാടില്ലെന്ന് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് തിരുവനന്തപുരത്തെ പൊതുദർശനം ഒഴിവാക്കിയതെന്നും വിവാദം ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് പൊതുദർശനം നടത്താനാണ് പാർട്ടി ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, ഡോക്‌ടർമാരുടെ നിർദേശം വന്നതോടെയാണ് തീരുമാനം മാറ്റിയതെന്നും പാര്‍ട്ടിയും ഔദ്യോഗികമായി വിശദീകരിച്ചിരുന്നു. പതിറ്റാണ്ടുകളായി തിരുവനന്തപുരം കേന്ദ്രീകരിച്ച് രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തിയ കോടിയേരിയുടെ മൃതദേഹം അവിടെ പൊതുദര്‍ശനത്തിന് വയ്‌ക്കാഞ്ഞത് പാര്‍ട്ടി അണികളെയും നിരാശരാക്കിയിരുന്നു.