കോട്ടയം: സിനിമ - സീരിയൽ നടൻ വിനോദ് തോമസിന്‍റെ മരണകാരണം കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതുകൊണ്ടാണെന്ന് വ്യക്തമാക്കി പോസ്റ്റുമോർട്ടം റിപ്പോർട്ട്. കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. വിനോദ് തോമസിനെ ഇന്നലെയാണ് കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്റ്റാർട്ട് ചെയ്‌ത കാറിൽ എസി ഓണാക്കിയിട്ടതിന് ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു എന്നാണ് വിവരം. പിന്നീട് മയക്കത്തിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു. മരണത്തെ തുടർന്ന്
പൊലീസ് വിനോദിന്‍റെ കാറിൽ നടത്തിയ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല.
അതേസമയം, വിനോദ് തോമസിന്‍റെ സംസ്‌കാരം ചൊവ്വാഴ്‌ച മുട്ടമ്പലം പൊതുശ്‌മശാനത്തിൽ നടക്കും. വിനോദ് തോമസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. നിലവിൽ മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
READ MORE: നടൻ വിനോദ് തോമസ് മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കാറിനുള്ളിൽ
ഇന്നലെ വൈകുന്നേരമാണ് സിനിമാ സീരിയൽ താരം വിനോദ് തോമസിനെ (47) കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം പാർക്ക് ചെയ്‌തിരുന്ന കാറിനുള്ളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സ്റ്റാർട്ടാക്കിയ കാറിൽ നിന്നും വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെ തുടർന്ന് ബാറിലെ സുരക്ഷാ ജീവനക്കാരൻ എത്തി പരിശോധിച്ചപ്പോൾ അകത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കോട്ടയം മീനടം സ്വദേശിയായ വിനോദ് 'നത്തോലി ഒരു ചെറിയ മീനല്ല', 'അയ്യപ്പനും കോശിയും' തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വിനോദിന്‍റെ അപ്രതീക്ഷിത വിടവാങ്ങലിന്‍റെ ഞെട്ടലിലാണ് സഹപ്രവർത്തകർ. നിരവധിപേരാണ് പ്രിയ നടന് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്തെത്തുന്നത്.
READ MORE: കലയ്‌ക്ക് വേണ്ടി ജീവിതം അർപ്പിച്ച നടൻ; വിനോദ് തോമസിന്‍റെ ഓർമകളിൽ സുരഭി ലക്ഷ്‌മി