കോട്ടയം: വൈക്കത്ത് ബണ്ണിൽ ക്രീം കുറഞ്ഞെന്ന പേരിൽ ചായ കുടിക്കാനെത്തിയ സംഘം ബേക്കറി ഉടമയേയും കുടുംബത്തെയും ക്രൂരമായി മർദിച്ചതായി പരാതി. വൈക്കം സർക്കാർ ആശുപത്രിക്ക് സമീപത്തെ ബേക്കറിയിലാണ് സംഭവം. മർദനത്തിൽ പരിക്കേറ്റ ബേക്കറി ഉടമ ശിവകുമാർ, ഭാര്യ കവിത, രണ്ട് മക്കളായ കാശിനാഥ്, സിദ്ധിവിനായക്, എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി.
ബുധനാഴ്‌ച (മെയ് 25) വൈകുന്നേരമാണ് ആറംഗ സംഘം ശിവകുമാറിൻ്റെ ബേക്കറിയിൽ ചായ കുടിക്കാനെത്തിയത്. ചായക്കൊപ്പം ക്രീം ബണ്ണും ഓർഡർ ചെയ്‌തു. സംഘത്തിലൊരാൾ ബണ്ണിൽ ക്രീം ഇല്ലെന്ന് പറഞ്ഞ് അസഭ്യം പറഞ്ഞതോടെയായിരുന്നു സംഘർഷത്തിൻ്റെ തുടക്കം.
വാക്കുതർക്കം പിന്നെ കൈയാങ്കളിയിലേക്ക് നീങ്ങി. ശിവകുമാറിനെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ഭാര്യ കവിതക്കും മക്കൾക്കും മർദനമേറ്റതെന്നാണ് പരാതി. കവിതയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കൈ വിരൽ ഒടിച്ചതായി ഇവർ ആരോപിക്കുന്നു. കടയിൽ ചായ കുടിച്ചു കൊണ്ടിരുന്ന ആലുങ്കൽ വേലായുധൻ എന്ന 95 വയസുകാരനും സംഘർഷത്തിൽ പരിക്കേറ്റു.
കടയിലും കാര്യമായ നാശനഷ്‌ടങ്ങളുണ്ടായി. അതേസമയം കടയുടമയും മകനും ചേർന്ന് ആക്രമിച്ചെന്ന പരാതിയുമായി ആരോപണ വിധേയരായ പാലാംകടവ് സ്വദേശികളും പൊലീസിൽ പരാതി നൽകി. ഇവരിൽ ചിലർക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പരാതിയിലും പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.