കോട്ടയം: വാഗമൺ-ഈരാറ്റുപേട്ട പാതയിലെ തകര്‍ന്ന റോഡ് ഉടന്‍ പുനര്‍നിര്‍മിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി. റോഡ് നവീകരണത്തിനായി സര്‍ക്കാര്‍ ഇടപെടലുണ്ടായില്ലെങ്കില്‍ ജനകീയ സമരം നടത്തുമെന്നും ഐഡിപി ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് ബെല്ലാരി വ്യക്തമാക്കി. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം വാഗമണ്ണിലേക്കെത്തുന്ന സഞ്ചാരികള്‍ യാത്ര പകുതി വഴിയില്‍ അവസാനിപ്പിച്ച് മടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം, കട്ടപ്പന, ഏലപ്പാറ എന്നീ സ്ഥലങ്ങളില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് അതിവേഗം എത്തുന്നതിന് ഈ റോഡാണ് ആശ്രയം. എന്നാൽ ഇപ്പോൾ ഈ റോഡിലൂടെ യാത്ര ചെയ്യുന്ന രോഗികൾ ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണപ്പെട്ട് പോകുന്നു എന്നും സന്തോഷ് ബെല്ലാരി ആരോപിച്ചു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ഇടപടല്‍ നടത്തിയില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് ഇന്ത്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടൂറിസ്റ്റ് റോഡ് എന്ന പരിഗണനയിൽ 2016ൽ, കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ ഈരാറ്റുപേട്ട-വാഗമൺ റോഡ് നവീകരിക്കാൻ സർക്കാർ അനുമതി ലഭിച്ചിരുന്നു. ടാറിങ് ജോലികള്‍ക്കായി 20 കോടിയോളം രൂപയാണ് അന്ന് അനുവദിച്ചത്. സ്ഥലം ഏറ്റെടുപ്പിനെ തുടര്‍ന്ന് റോഡ് നവീകരണത്തിന്‍റെ പണികള്‍ ആരംഭിക്കാന്‍ വൈകുകയായിരുന്നു.
തുടര്‍ന്ന് പാതയുടെ നിര്‍മാണ പ്രവര്‍ത്തികളുടെ കരാര്‍ ഏറ്റെടുത്ത കമ്പനി ഈ വര്‍ഷം തന്നെ പണികള്‍ പൂര്‍ത്തീകരിക്കുമെന്നായിരുന്നു കരാറില്‍ വ്യവസ്ഥ ചെയ്‌തിരുന്നത്. എന്നാല്‍ ഇപ്പോഴും റോഡ് സമ്പൂര്‍ണമായി തന്നെ തകര്‍ന്നുകിടക്കുകയാണ്. ഈരാറ്റുപേട്ട മുതല്‍ തീക്കോയി സ്‌തംഭം ജങ്‌ഷന്‍ വരെ ടാര്‍ ചെയ്‌തെങ്കിലും കരാറുകാരന്‍ പണി ഉപേക്ഷിച്ചു പോകുകയായിരുന്നു.
തീക്കോയി മുതൽ വാഗമൺ വരെയുള്ള 21 കി.മീ റോഡും പൂർണ്ണമായി തകർന്നു കിടക്കുകയാണ്. തകർന്ന റോഡിൽ പൊടിശല്യവും രൂക്ഷമാണ്. ഇതേ തുടര്‍ന്ന് റോഡരികിലെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും പ്രദേശവാസികള്‍ പറയുന്നു.