കോട്ടയം: സിപിഐയില്‍ കാനം, ഇസ്മയില്‍ ഗ്രൂപ്പുകളുണ്ടെന്ന മാധ്യമ വാര്‍ത്ത പുതിയ അറിവാണെന്ന് സിപിഐ കോട്ടയം ജില്ല സെക്രട്ടറി അഡ്വ: വി.ബി. ബിനു. ജില്ല സെക്രട്ടറിയെ തീരുമാനിച്ചത് പാര്‍ട്ടിയിലെ ഗ്രൂപ്പുകളാണെന്ന വാര്‍ത്ത ശരിയല്ല. പ്രതിനിധികൾ തെരഞ്ഞെടുത്ത കമ്മിറ്റിയാണ് സെക്രട്ടറിയെ തീരുമാനിക്കുന്നത്, തെരഞ്ഞെടുപ്പ് ജനാധിപത്യപരമായിരുന്നുവെന്നും ജില്ല സെക്രട്ടറി പറഞ്ഞു.
കോട്ടയത്ത് ഇടതുപക്ഷമുന്നണിയിലെ രണ്ടാമത്തെ പ്രബലകക്ഷി സിപിഐ ആണ്. കേരള കോൺഗ്രസ് മാണി വിഭാഗവുമായി സിപിഐ പിണങ്ങേണ്ട സാഹചര്യം നിലവില്ല. കേരള കോൺഗ്രസിന്റെ വരവ് എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നും കൂടുതൽ ശക്തമായി ബന്ധം ഉപയോഗിക്കണമെന്നാണ് അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്‍റെ മദ്യനയത്തില്‍ തിരുത്തല്‍ വേണമെന്നാണ് സിപിഐയുടെ നിലപാട്. സിപിഐ കോട്ടയം ജില്ല സമ്മേളനത്തിലും ഉയര്‍ന്ന പ്രധാന ആവശ്യം ഇതായിരുന്നു. വിദേശ മദ്യ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് മാറ്റി കള്ളുചെത്ത് മേഖലയെ സര്‍ക്കാര്‍ പ്രോത്സഹിപ്പിക്കണെമെന്നും വി.ബി. ബിനു ആവശ്യപ്പെട്ടു.
വൈക്കത്തെ ഇണ്ടം തുരുത്തി മന സിപിഐ ചരിത്ര സ്മാരകമായി സംരക്ഷിക്കുകയാണ്. മന സർക്കാർ ഏറ്റെടുക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹം ചരിത്രം പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണെന്നും വിനു പറഞ്ഞു.