കോട്ടയം : ലോകായുക്ത വിധി ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി സ്വജനപക്ഷപാതം നടത്തി. മുഖ്യമന്ത്രി സംശയത്തിന്‍റെ നിഴലിലായ കേസ് നീട്ടിക്കൊണ്ടുപോയി നീതി വൈകുന്നത് നീതി നിഷേധമാണെന്നും വി. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തുവെന്ന പരാതിയില്‍ ലോകായുക്തയുടെ ഭിന്നവിധിക്ക് പിന്നാലെ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംശയത്തിന് അതീതനായ ഒരാളാണ് മുഖ്യമന്ത്രി കസേരയിലിരിക്കുന്നത്. അതുകൊണ്ട് മുഖ്യമന്ത്രി രാജിവച്ച് മാറി നില്‍ക്കണമെന്ന് വി. മുരളീധരന്‍ പറഞ്ഞു. ഏത് വിധേനയും അധികാരത്തില്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇന്നത്തെ ലോകായുക്ത വിധി മുഖ്യമന്ത്രി നേരത്തേതന്നെ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണ് ലോകായുക്തയുടെ അധികാരം ഇല്ലാതാക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ ഗവര്‍ണര്‍ ഇടപെട്ടാണ് ഇത് തടഞ്ഞത്. ഇക്കാര്യത്തില്‍ ഫുള്‍ ബഞ്ച് ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയെ കുറിച്ചും പരാമര്‍ശം: 'മോദി' പരാമര്‍ശ കേസില്‍ രാഹുല്‍ ഗാന്ധി നിയമ സംവിധാനത്തെ ചോദ്യം ചെയ്യുകയാണ്. കോടതി വിധി അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. വിധിക്ക് ശേഷം മേൽ കോടതിയെ സമീപിക്കുകയാണ് വേണ്ടത്. എന്നാല്‍ ഒരാഴ്‌ച പിന്നിട്ടിട്ടും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും കോടതിയെ സമീപിച്ചിട്ടില്ല. ഇത്തരത്തില്‍ നിയമത്തെ വെല്ലുവിളിക്കുന്ന ഒരാളെ ജനങ്ങള്‍ എങ്ങനെ അംഗീകരിക്കുമെന്ന് വി. മുരളീധരന്‍ ചോദിച്ചു. വ്യക്തികളേക്കാൾ നിയമത്തെയാണ് ജനങ്ങൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിമാന യാത്രാനിരക്ക് കുറയ്‌ക്കും : വിമാന യാത്രാനിരക്ക് കുറയ്‌ക്കുന്ന കാര്യത്തില്‍ പരിഹാരം ഉണ്ടാക്കാന്‍ ശ്രമിക്കും. ഇതിന് തീരുമാനം ഉണ്ടാക്കാന്‍ മുന്‍കൈയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ലോകായുക്തയും സംസ്ഥാന സര്‍ക്കാരും: ദുരിതാശ്വാസ നിധി ദുര്‍വിനയോഗം ചെയ്‌തുവെന്ന കേസില്‍ മുഖ്യമന്ത്രിക്കും മറ്റ് മന്തിമാര്‍ക്കും എതിരെയുള്ള കേസില്‍ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുകയാണ് ലോകായുക്ത. ഹര്‍ജിയിലെ ആരോപണങ്ങളുടെ നിജ സ്ഥിതിയെ സംബന്ധിച്ച് ലോകായുക്തയ്‌ക്കും ഉപലോകായുക്തയ്‌ക്കും അഭിപ്രായ ഭിന്നയുണ്ടായിരുന്നു. കൂടാതെ ഈ ഹര്‍ജി ലോകായുക്തയുടെ പരിധിയില്‍ വരുന്നതാണോ എന്നതിലും ഭിന്ന നിലപാടായിരുന്നു. ഇത്തരം സാഹചര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഹര്‍ജി ഫുള്‍ബഞ്ചിന് വിട്ടത്.
ഫുള്‍ബഞ്ചിന് മുന്നില്‍ വീണ്ടും ഹര്‍ജിയില്‍ വിശദമായ വാദം നടക്കും. ലോകായുക്ത രണ്ട് ഉപലോകായുക്ത എന്നിവയടക്കമുള്ള ഫുള്‍ ബഞ്ചാകും ഇനി ഹര്‍ജിയില്‍ വാദം കേള്‍ക്കുക. അതുകൊണ്ട് വിധിക്കായി ഇനിയും ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ ഒന്നാം സര്‍ക്കാരിന്‍റെ കാലഘട്ടത്തിലുണ്ടായിരുന്ന 18 മന്ത്രിമാര്‍ക്കുമെതിരെയാണ് ആരോപണം. നേരത്തെ ലോകായുക്ത വിധി എതിരായപ്പോള്‍ മന്ത്രിയായിരുന്ന കെടി ജലീലിന് രാജിവയ്‌ക്കേണ്ടതായി വന്നിരുന്നു.