കോട്ടയം: ജില്ലയില്‍ ഭവന നിര്‍മാണത്തിന്‍റെ പേരിൽ അനധികൃത മണ്ണെടുപ്പ് വ്യാപകം. ഭവന നിര്‍മാണമെന്ന് പറഞ്ഞ് ജിയോളജി വകുപ്പില്‍ നിന്നും അനുമതി വാങ്ങിയാണ് മണ്ണ് കച്ചവടം നടക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മണ്ണെടുത്ത സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടില്ല. മണ്ണെടുപ്പിന് അനുമതി നല്‍കി ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം ആരംഭിക്കണമെന്നാണ് നിയമം. മണ്ണെടുത്ത ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ കെട്ടിട നിര്‍മാണം ആരംഭിച്ചില്ലെങ്കില്‍ പിഴ ഈടാക്കണം.
എന്നാല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏക്കറുകണക്കിന് സ്ഥലങ്ങളാണ് ഇത്തരത്തില്‍ മണ്ണ് നീക്കം ചെയ്ത ശേഷം യാതൊരു നിര്‍മാണ പ്രര്‍ത്തനവും നടത്താതെ കിടക്കുന്നത്. വീടുവെക്കുന്നതിനാണ് മണ്ണെടുക്കുന്നതെങ്കില്‍ പണം അടയ്‌ക്കേണ്ടതില്ല. ഈ ആനുകൂല്യം മുതലാക്കിയാണ് മണ്ണ് മാഫിയകളുടെ നീക്കം. എന്നാല്‍ നിയമ ലംഘകര്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് നോക്കുകുത്തികളാവുകയാണ്. മണ്ണെടുക്കല്‍ സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ കൃത്യമായി നടപ്പാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അനധികൃത മണ്ണെടുപ്പിനെതിരെ പ്രതികരിക്കുന്നവരെ അപായപ്പെടുത്താനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തിൽ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.