കോട്ടയം: നെല്ല് സംഭരണത്തിന് സർക്കാർ നടപടികളെടുത്തെങ്കിലും ഇടനിലക്കാരുടെ ചൂഷണത്തിൽ വലഞ്ഞ് കോട്ടയത്തെ നെൽ കർഷകർ. മഴ മൂലം സംസ്ഥാനത്ത് നെൽകൃഷിക്ക് ഉണ്ടായ നഷ്‌ടക്കണക്കിൽ രണ്ടാം സ്ഥാനത്താണ് കോട്ടയം. വെള്ളത്തിലായ നെല്ല് ഏതു വിധേനയും വിറ്റു പിടിച്ചു നിൽക്കാൻ കർഷകർ തയാറാകേണ്ടി വരുന്നത് മുതലെടുക്കുകയാണ് ഇടനിലക്കാർ. കടക്കെണിയിലായ കർഷകർ കിട്ടുന്ന വിലയക്ക് നെല്ലു വിൽക്കേണ്ട അവസ്ഥയിലാണ്.
നെല്ലിന്‍റെ വിലയിടിച്ച് വൻ ലാഭം കൊയ്യുകയാണിവർ. കൃഷി വകുപ്പിന്‍റെ കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ച് 48000 ടൺ നെല്ല് സംഭരിച്ചുവെന്നാണ് പറയുന്നത്. പാഡി ഓഫിസറും മില്ലുകാരും തമ്മിൽ ഒത്തുകളിച്ച് കർഷകരെ ചൂഷണം ചെയ്യുകയാണെന്നാണ് ഉയർന്നുവരുന്ന ആരോപണം.
സമയബന്ധിതമായി നെല്ല് എടുക്കാത്തതിനെത്തുടർന്ന് 100ന് 25 കിലോ കുറച്ചാണ് കൊടുക്കേണ്ടി വന്നത് സമീപത്തെ കൊയ്യാറായ ചെല്ലിച്ചിറ പാടശേഖരത്തിലെ 24 ഏക്കർ വെള്ളം കയറി നശിച്ച നിലയിലാണ്. തുടർച്ചയായുള്ള മഴയും തണ്ണീർമുക്കം ബണ്ട് തുറന്നതുമാണ് വരമ്പിനു മുകളിൽ വെള്ളമാകാൻ കാരണമെന്ന് കർഷകർ പറയുന്നു. കൂടാതെ, പനച്ചിക്കാട് കൃഷിഭവൻ പരിധിയിൽ വരുന്ന കൊല്ലാട് അമ്പലാകരി, ചെല്ലിച്ചിറ, കുരുമിക്കാട് പാടശേഖരങ്ങളിൽ പുറം ബണ്ടില്ലാത്തതാണ് കാലാകാലങ്ങളായി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.
6 വർഷക്കാലമായി കർഷകർ പുറംബണ്ടിനായി മുട്ടാത്ത വാതിലുകളില്ല. പുറംബണ്ട്, മോട്ടോർ തറ, വെള്ളം ഒഴുക്കിവിടാനുള്ള ചാല് എന്നിവയാണ് അടിസ്ഥാന ആവശ്യമായി ഇവിടത്തെ കർഷകർ ആവശ്യപ്പെടുന്നത്. കൃഷിക്കാവശ്യമായ സഹായം ബന്ധപ്പെട്ടവർ ചെയ്‌ത് നൽകിയില്ലെങ്കിൽ ഇവർക്ക് കൃഷി തുടരാനാകില്ല. നെല്ല് സംഭരണത്തിന് കൃത്യമായ ഒരു സംവിധാനം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർ തയാറാകാത്തത് തങ്ങളെ നിരാശരാക്കുകയാണെന്ന് കര്‍ഷകര്‍ പറയുന്നു.
Also read: കോട്ടയത്തെ കനത്ത മഴ; കൊയ്‌ത് കൂട്ടിയ നെല്ല് നശിക്കുന്നു