കോട്ടയം: ഡി.വൈ.എഫ്.ഐയുടെ നേതൃത്വ നിരയിലേക്ക് ആദ്യമായി ട്രാൻസ്‌ജെന്‍ഡര്‍ വനിത പ്രാതിനിധ്യം. ചങ്ങനാശേരി സ്വദേശിനി ലയ മരിയ ജെയ്‌സനാണ് കോട്ടയം ജില്ല കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ നടന്ന സമ്മേളനത്തിന്‍റേതാണ് തീരുമാനം.
തിരുവനന്തപുരത്ത് സോഷ്യൽ വെൽഫെയർ ബോർഡിൽ പ്രോജക്റ്റ് അസിസ്റ്റന്‍റാണ് 30കാരിയായ ലയ. ചങ്ങനാശേരി എസ്.ബി കോളജിൽ നിന്നാണ് ഇക്കണോമിക്‌സിൽ ബിരുദം പൂർത്തിയാക്കിയത്. ഡി.വൈ.എഫ്.ഐയുടെ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു.
ALSO READ: ദേശീയ പണിമുടക്ക് : ബിപിസിഎൽ തൊഴിലാളി യൂണിയനുകൾക്ക് പണിമുടക്കിൽ പങ്കെടുക്കുന്നതിന് വിലക്ക്
2016ലാണ് ലയ തന്‍റെ സ്വത്വം വെളിപ്പെടുത്തിയത്. ഇതിന് ശേഷമാണ് പാർട്ടി പ്രവർത്തനത്തിലേക്ക് കടക്കുന്നത്. 2019ൽ ഡി.വൈ.എഫ്.ഐ അംഗത്വമെടുത്തു. ട്രാൻസ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാൻ തന്‍റെ അംഗത്വം കരുത്തുനൽകുമെന്ന് ലയ പറഞ്ഞു. ട്രാൻസ്ജെൻഡർ സമൂഹത്തിന്‍റെ ശബ്‌ദമാകാനും അവർക്കുവേണ്ടി കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഇടപെടും.
തനിയ്‌ക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നിർവഹിക്കും. പാർട്ടിയിൽ ഇതുവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല. പുരോഗമന പ്രസ്ഥാനങ്ങളും സർക്കാർ സംവിധാനങ്ങളും ട്രാൻസ്ജെൻഡർ സമൂഹത്തെ ചേർത്തുപിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്‍റെ കാഴ്‌ചപ്പാടിൽ ഇനിയും ഒരുപാട് മാറ്റങ്ങൾ വരാനുണ്ടെന്നും ലയ പറഞ്ഞു.