കോട്ടയം: കേരളത്തിൽ യുഡിഎഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ വരുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ. കോട്ടയം ജില്ലയിൽ യുഡിഎഫിന് ഭൂരിപക്ഷമുണ്ടാകുമെന്നും ഉറപ്പാണ്. എൽഡിഎഫ് എന്ന മുദ്രാവാക്യം ജനങ്ങൾ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് വർധിപ്പിച്ചപ്പോൾ കൊവിഡിന്‍റെ യാഥാർഥ കണക്ക് പുറത്ത് വന്നുവെന്നും. മുൻപ് പരിശോധന കുറച്ച് സത്യം മറച്ചു വെച്ചു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വാക്‌സിൻ ചലഞ്ചിന്‍റെ കാര്യത്തിൽ ഗവൺമെന്‍റ് വ്യക്തത വരുത്തണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ബഡ്‌ജറ്റിൽ വാക്‌സിനേഷന് പണം നീക്കിവെച്ചു എന്ന് ധനമന്ത്രി പറയുമ്പോൾ പിരിവ് വേണമെന്ന് മുഖ്യമന്ത്രി പറയുന്നത് ആശയക്കുഴപ്പുമുണ്ടാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതുവരെ വാങ്ങിയ സംഭാവനകളുടെ കണക്കുകൾ ഗവൺമെന്‍റ് പുറത്ത് വിടണമെന്നും പ്രളയം, കൊവിഡ് എന്നിവയുടെ ദുരിതാശ്വാസത്തിന് കിട്ടിയ തുക എത്രയെന്ന് മറച്ചുവെക്കുന്നത് ഗവൺമെന്‍റിന്‍റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫുകാർ വാക്‌സിൻ ചലഞ്ചിന് പണം നൽകുന്നതിൽ എതിർപ്പുണ്ടോ എന്ന ചോദ്യത്തിനായിരുന്നു അദ്ദേഹം പ്രതികരിച്ചത്.