കോട്ടയം : വിഴിഞ്ഞത്തെ പൊലീസ് ആക്രമണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ. കേരളത്തിൽ ആദ്യമായാണ് ഒരു പൊതു പ്രശ്‌നത്തിൽ ഇടപെട്ട ബിഷപ്പുമാർക്കെതിരെ കേസ് എടുക്കുന്നതെന്നും, സമരത്തിന് താൻ പരിപൂർണ പിന്തുണ നൽകുന്നുവെന്നും തിരുവഞ്ചൂർ പറഞ്ഞു.
ബിഷപ്പുമാർക്കെതിരെ കേസെടുത്തത് പുനഃപരിശോധിക്കണം. കേരളത്തിന്‍റെ സൈന്യമെന്ന് വിശേഷിപ്പിച്ചവരെയാണ് പൊലീസ് ക്രൂരമായി മർദ്ദിച്ചത്. കേരളത്തിൽ മതസ്‌പർധ ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. പൊലീസ് സ്റ്റേഷൻ ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഇല്ലാത്തത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
സർക്കാർ പലതും ഒളിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് സിസിടിവി പ്രവർത്തിക്കാത്തത്. സിസിടിവി നശിപ്പിച്ചെന്ന പൊലീസിന്‍റെ വാദം തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ്. അതിനാൽ ജുഡീഷ്യൽ അന്വേഷണം നടത്തി യഥാർഥ വസ്‌തുത പുറത്തുകൊണ്ടുവരണം.
അതേസമയം ജോസ് കെ മാണിയേയും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. ജോസ് കെ മാണി പിണറായിയുടെ മുഖം നോക്കി കാര്യം പറയണം. കേരള കോണ്‍ഗ്രസ് കുറച്ചുകൂടി നട്ടെല്ല് കാണിക്കണമെന്നും എൽഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ മാറി നിൽക്കാൻ തയ്യാറാകണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.