കോട്ടയം: ജില്ലയിൽ പതിമൂന്ന് പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്തു നിന്നെത്തിയ ആറു പേർക്കും വിദേശത്തു നിന്നെത്തിയ ആറു പേർക്കും സമ്പർക്കത്തിലൂടെ ഒരാൾക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ നിന്നെത്തി ഹോം ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന മകൾക്കും കുട്ടിക്കുമൊപ്പം വീട്ടിലുണ്ടായിരുന്ന ആശാ പ്രവർത്തകക്കാണ് സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചത്. രോഗം സ്ഥിരീകരിച്ച മറ്റുള്ളവരിൽ ആറ് പേർ ക്വാറന്‍റൈൻ കേന്ദ്രങ്ങളിലും നാല് പേർ ഗാർഹിക നിരീക്ഷണത്തിലുമായിരുന്നു.
ജൂൺ 12ന് കുവൈറ്റിൽ നിന്നെത്തിയ വൈക്കം സ്വദേശി, ജൂൺ 11ന് കുവൈറ്റിൽ നിന്നെത്തിയ കൂടിക്കൽ സ്വദേശി, ജൂൺ 13 കുവൈറ്റിൽ നിന്നെത്തിയ പായിപ്പാട് സ്വദേശി, രാമപുരം സ്വദേശി, ജൂൺ 19 ന് മസ്ക്കറ്റിൽ നിന്നെത്തിയ ചങ്ങനാശ്ശേരി ചീരംചിറ സ്വദേശിനി, ജൂൺ ആറിന് ഡൽഹിയിൽ നിന്നെത്തിയ തൃക്കൊടിത്താനം സ്വദേശി, ജൂൺ 12ന് മഹാരാഷ്ട്രയിൽ നിന്നെത്തിയ നെടുംകുന്നം സ്വദേശിനി, ജൂൺ 20ന് ഡൽഹിയിൽ നിന്നെത്തിയ മൂലവട്ടം സ്വദേശിയായ 39കാരൻ, ഭാര്യ, ജൂൺ ആറിന് മുബൈയിൽ നിന്നെത്തിയ ഏഴാച്ചേരി സ്വദേശിയായ 34 കാരി ,ഇവരുടെ നാലു വയസുകാരിയായ മകൾ, സമ്പർക്കത്തിലൂടെ രോഗം പകർന്ന ഏഴാച്ചേരി സ്വദേശിയുടെ ആശാ പ്രവർത്തകയായ മാതാവ് എന്നിവർക്കാണ് ജില്ലയിൽ പുതുതായി വൈറസ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെ ജില്ലയിലെ വിവിധ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ 39 പേര് കോട്ടയം ജില്ലാ ആശുപത്രിയിലും, 31 കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും 21 പേര് പാലാ ജനറൽ ആശുപത്രിയിലും ചികിത്സയിലുണ്ട്. അതേസമയം നാലു പേർ ജില്ലയിൽ നിന്നും വൈറസ് മുക്തരായി വീടുകളിലേക്ക് മടങ്ങി.