കോട്ടയം: പാലാ ടൗണ്‍ ബസ്സ്റ്റാന്‍ഡിലെ തകര്‍ന്നുവീണ വെയിറ്റിംഗ് ഷെഡ് പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലെത്തി. 11 ലക്ഷം രൂപ മുടക്കിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മിക്കുന്നത്. തൂണുകളിൽ മേൽക്കൂര സ്ഥാപിച്ച് ഉയർത്തിയാണ് പുതിയ വെയിറ്റിംഗ് ഷെഡ് നിർമിക്കുന്നത്. 2017 നവംബര്‍ അഞ്ചിനാണ് വെയിറ്റിംഗ് ഷെഡ് കെട്ടിടം തകര്‍ന്നുവീണത്. കാലപ്പഴക്കമുള്ള ബസ്‌കാത്തിരിപ്പ് കേന്ദ്രം, കെ.എസ്.ആര്‍.ടി.സി ബസ് മുന്നോട്ടെടുത്തപ്പോള്‍ ബസ് തട്ടി നിലംപൊത്തുകയായിരുന്നു. വാഹനങ്ങൾ തട്ടാത്ത വിധം ഉയർത്തിയാണ് പുതിയ കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത്. നവംബറിലാണ് നിർമാണ ജോലികൾ ആരംഭിച്ചത്.
പിഡബ്ല്യൂഡിയ്ക്കാണ് നിര്‍മാണച്ചുമതല. ഈ മാസത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്ന് ചെയർപേഴ്സൺ മേരി ഡൊമിനിക് പറഞ്ഞു. ദിവസേന 100 കണക്കിന് യാത്രക്കാര്‍ വന്നുപോകുന്ന സ്റ്റാന്‍ഡില്‍ കനത്ത വെയിലിലും മഴയിലും ബസ് കാത്ത് നില്‍ക്കാന്‍ ഇടമില്ലാതെ രണ്ട് വര്‍ഷത്തോളമാണ് യാത്രക്കാര്‍ വലഞ്ഞത്. എറണാകുളം, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, വൈക്കം, മുണ്ടക്കയം, രാമപുരം മേഖലകളിലേയ്ക്കുള്ള ബസുകള്‍ കാത്തുനില്‍ക്കുന്നത് ഇവിടെയായിരുന്നു.