കോട്ടയം: പ്രശസ്‌ത തകിൽ വിദ്വാൻ ആർ. കരുണാമൂർത്തി അന്തരിച്ചു. 53 വയസായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന്
കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
വൈക്കം ചാലപ്പറമ്പ് സ്വദേശിയാണ് അദ്ദേഹം. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ കരുണാമൂർത്തി കലാപ്രകടനം നടത്തിയിട്ടുണ്ട്. വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകൻ കൂടിയായിരുന്നു അദ്ദേഹം. നാഗസ്വരത്തിനൊപ്പമുള്ള തകിൽ വാദ്യത്തെ ജനകീയമാക്കുന്നതിൽ നിർണായക സ്വാധീനം ചെലുത്തിയ കലാകാരനാണ് കരുണാമൂർത്തി.
കാഞ്ചി കാമകോടിപീഠം ആസ്ഥാന വിദ്വാൻ പദവി അടക്കം നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. കരുണാമൂർത്തിയുടെ നിര്യാണത്തിൽ സംസ്ഥാന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. സംസ്‌കാരം നാളെ (ജൂൺ 16) ഉച്ചയ്‌ക്ക് രണ്ടിന് വൈക്കത്തെ വീട്ടുവളപ്പിൽ നടത്തും.