കോട്ടയം: ബാങ്ക് വായ്‌പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത നാലുവരിപ്പാതയിൽ വച്ചാണ് ആംബുലൻസ് തടഞ്ഞത്. ഇതേ തുടർന്ന് എസ്‌ഡിപിഐ പ്രവർത്തകരും, കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് തഹസീൽദാർ ഇടപെട്ട് വായ്‌പ അടക്കമുള്ള വിഷയം ചർച്ച ചെയ്യാമെന്നുമുള്ള ഉറപ്പിൽ മൃതദേഹങ്ങൾ താഴത്തങ്ങാടി പള്ളിയിലേക്ക് സംസ്ക്കാരത്തിനായി കൊണ്ടുപോയി.
Also Read: കോട്ടയത്ത് ഇരട്ട സഹോദരങ്ങള്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
കൊച്ചുപറമ്പിൽ ഫാത്തിമ ബീവിയുടെ മക്കളായ നിസാർ ഖാൻ (34), നസീർ ഖാൻ (34) എന്നിവരാണ് തിങ്കളാഴ്ച്ച വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്. മണിപ്പുഴ അർബൻ സഹകരണ ബാങ്കിൽ നിന്നു വായ്‌പയെടുത്തതിന്‍റെ ഭാഗമായി ജപ്‌തി നോട്ടീസ് വന്നതിനെ തുടർന്നാണ് ഇരട്ട സഹോദരങ്ങൾ തൂങ്ങി മരിച്ചതെന്ന് സൂചനയുണ്ട്. 17 ലക്ഷം രൂപയുടെ ബാധ്യതയാണ് ഇവർക്ക് ഉണ്ടായിരുന്നത്.
സംഘർഷത്തെ തുടർന്ന് പൊലീസ് ഗതാഗതം വഴി തിരിച്ചു വിട്ടുവെങ്കിലും കോടിമത നാലുവരിപ്പാതയിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.