കോട്ടയം: ശബരിമല തീർഥാടകർ കൂടുതലായി എത്തുന്ന കോട്ടയം, പത്തനംതിട്ട ജില്ലകളിൽ ന്യായവിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്നതിന് സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ അനിൽ പറഞ്ഞു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്താനായി കോട്ടയം കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
രണ്ട് ജില്ലകളിലും സ്ഥലം കണ്ടെത്തി രണ്ടാഴ്‌ചയ്ക്കുള്ളിൽ സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാൻ വകുപ്പുകൾക്ക് മന്ത്രി നിർദേശം നൽകി. പെരുനാട്, പന്തളം എന്നിവിടങ്ങളിലും സുഭിക്ഷ ഹോട്ടൽ ആരംഭിക്കാൻ തീരുമാനിച്ചു.
ശബരിമല തീർഥാടവുമായി ബന്ധപ്പെട്ട് ഭക്ഷണ സാധനങ്ങളുടെ വില അവശ്യ സാധന നിയമപ്രകാരം ഏകീകൃത നിരക്കിൽ നിശ്ചയിച്ചിട്ടുണ്ട്. ഹോട്ടൽ ഉടമകളുമായി ചർച്ച ചെയ്താണ് നിരക്ക് നിശ്ചയിച്ചത്. ഭക്ഷണസാധനങ്ങളുടെ വില വിവര പട്ടിക എല്ലാ ഹോട്ടലുകളിലും കടകളിലും വിവിധ ഭാഷകളിൽ പ്രദർശിപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
ഗുണനിലവാരവും അളവും തൂക്കവും വിലയും ശുചിത്വവും പരിശോധിക്കുന്നതിന് സ്‌ക്വാഡുകളെ നിയോഗിച്ചു. പെട്രോൾ പമ്പുകളിലടക്കം പരിശോധനകൾ നടത്തും. അളവുതൂക്ക ഉപകരണങ്ങളിൽ കൃത്രിമം കാണിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്‍റെ താലൂക്ക്, ജില്ല ഓഫിസുകളിൽ പരാതികൾ പരിഹരിക്കുന്നതിന് കൺട്രോൾ റൂമുകൾ തുറക്കും. പമ്പ, എരുമേലി, നിലയ്ക്കൽ, സന്നിധാനം എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മൊബൈൽ ഭക്ഷണപരിശോധന ലാബുകൾ പ്രവർത്തിക്കും. നിലയ്ക്കൽ, എരുമേലി, പമ്പ, സന്നിധാനം എന്നിവിടങ്ങളിലും ഇടത്താവളങ്ങളിലും ഭക്ഷ്യ-പൊതുവിതരണ-ലീഗൽ മെട്രോളജി-ഭക്ഷ്യ സുരക്ഷ വകുപ്പുകൾ പരിശോധന സ്‌ക്വാഡുകളെ നിയോഗിക്കും. തീർത്ഥാടകർക്ക് നിശ്ചയിച്ച നിരക്കിൽ ഗുണനിലവാരമുള്ള ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നും വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള ഭക്ഷണസാധനങ്ങളുടെ നിരക്കിനു പുറമേ പുതുതായി നിശ്ചയിച്ച നിരക്കുകൾ
ഇനം | സന്നിധാനം | പമ്പ | പമ്പക്ക് പുറത്ത് |
ചായ(മെഷീൻ 90ml) | 9 രൂപ | 8 രൂപ | 8രൂപ |
കോഫി(മെഷീൻ 90ml) | 10 രൂപ | 9 രൂപ | 9രൂപ |
മസാല ചായ (മെഷീൻ 90ml) | 17 രൂപ | 16 രൂപ | 15 രൂപ |
ലെമൺ ചായ(മെഷീൻ 90ml) | 17 രൂപ | 16 രൂപ | 15 രൂപ |
ഫ്‌ളേവേർഡ് ഐസ് ചായ(മെഷീൻ 200ml) | 22 രൂപ | 21 രൂപ | 20 രൂപ |