കോട്ടയം : പാലാ ഇടനാട്ടിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. ഇടനാട് സ്‌കൂൾ ഭാഗം കിഴക്കേക്കരയിൽ അജിത്തിന്‍റെ മകൻ ഒൻപതാം ക്ലാസ് വിദ്യാർഥി അശ്വിൻ കെ.അജിത്ത് (അക്കു-14) ആണ് വീടിനുസമീപത്തെ ആഴമുള്ള കുളത്തിൽ മുങ്ങി മരിച്ചത്. ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം.
വീടിനുസമീപത്തെ കാമേറ്റ് കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള കുളത്തിൽ ഇറങ്ങിയപ്പോൾ മുങ്ങിപ്പോവുകയായിരുന്നു. മൂന്നര മീറ്ററിലധികം ആഴമുള്ള കുളത്തിൽ നിറയെ വെള്ളമുണ്ടായിരുന്നു. കുളത്തിന്‍റെ ആഴം മനസിലാക്കാതെയാണ് കുട്ടികൾ കുളിക്കാന്‍ ഇറങ്ങിയത്.
കൈകാലുകൾ കുഴഞ്ഞുപോയ അശ്വിൻ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ കുളത്തിലിറങ്ങി തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് പാലാ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പാലാ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ കെ.പി ടോംസണിന്‍റെ നിർദേശാനുസരണം പൊലീസ് സംഘം സ്ഥലത്ത് എത്തി. തുടർന്ന് അഗ്നിരക്ഷാസേനാ സംഘത്തിന്‍റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം പുറത്തെടുത്തു. തുടര്‍ന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പൊലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംസ്‌കാരം പിന്നീട് നടക്കും.