കോട്ടയം: കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് കാഞ്ഞിരപ്പള്ളിയില്‍ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബിവിഎം കോളജിന് വീഴ്‌ച സംഭവിച്ചെന്ന് എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ. പരീക്ഷ ചീഫ് സൂപ്രണ്ട് സ്ഥാനത്ത് നിന്ന് പ്രിൻസിപ്പലിനെ മാറ്റും. റിപ്പോർട്ട് കിട്ടിയതിന് ശേഷം വിശദമായ നടപടി സ്വീകരിക്കുമെന്നും വിസി പറഞ്ഞു. ഇടക്കാല റിപ്പോർട്ടിനെ തുടർന്നാണ് വിസി നിലപാട് വ്യക്തമാക്കിയത്.
വിദ്യാർഥിനി കോപ്പിയടിച്ചത് സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷ ഹാളിലെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ടത് തെറ്റായ നടപടിയാണ്. 32 മിനിറ്റോളം കുട്ടിയെ ഹാളിലിരുത്തി. വിദ്യാർഥിയെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നും വിദ്യാർഥിയുടെ വിശദീകരണം എഴുതി വാങ്ങിയില്ലെന്നും പരീക്ഷ ചട്ടങ്ങൾ പാലിക്കുന്നതില്‍ കോളജിന് വീഴ്ച പറ്റിയെന്നും വിസി പറഞ്ഞു.
കോളജുകളില്‍ പ്രത്യേക കൗൺസിലിങ് സെന്‍റർ ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കും. വിദ്യാർഥിയുടെ അടുത്തിരുന്ന് പരീക്ഷ എഴുതിയ കുട്ടികളുടെ വിശദീകരണം തേടും. കുട്ടി ഇറങ്ങി പോകുന്നത് കണ്ടിട്ടും നടപടിയുണ്ടായില്ല. വിദ്യാർഥിയുടെ മേല്‍വിലാസം എഴുതി വാങ്ങാൻ കോളജിനായില്ല. വിദ്യാർഥിക്കെതിരെ കോളജ് പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ കൃത്യമായ നടപടി എടുക്കുന്നതില്‍ വീഴ്ച വന്നു. കൈയക്ഷരം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫോട്ടോ കോപ്പി ആണ് നിലവില്‍ ലഭിച്ചതെന്നും വിസി പറഞ്ഞു.