കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രി വളപ്പില്‍ തെരുവുനായ ആക്രമണം. ഡോക്‌ടർക്കും ജീവനക്കാരിക്കും അടക്കം നാല് പേർക്ക് കടിയേറ്റു. ഇന്ന് രാവിലെ 8.30നാണ് സംഭവം.
അസ്ഥിരോഗ വിദഗ്‌ധന്‍ ഡോ. എം എന്‍ സന്തോഷ് കുമാര്‍, നഴ്‌സിങ് അസിസ്റ്റന്‍റ് ലത, ആര്‍ടിപിസിആര്‍ ലാബ് ജീവനക്കാരന്‍ ഋഷികേശ്, മടുക്ക സ്വദേശി റോബിന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഡ്യൂട്ടിക്കായെത്തിയ ഡോക്‌ടർ വാഹനം പാർക്ക് ചെയ്‌ത ശേഷം കാറിൽ നിന്ന് ഇറങ്ങുമ്പോഴായിരുന്നു നായയുടെ കടിയേറ്റത്. ഇന്നലെ രാവിലെയും നായ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരിക്ക് ഉണ്ടായില്ല.
നായയുടെ കടിയേറ്റവർ അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർ പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. നായക്ക് പേവിഷബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. കോട്ടയം മെഡിക്കൽ കോളജ് പരിസരത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നു.
പേ ബാധിച്ചതെന്ന് സംശയിച്ച നായകളെ ആർപ്പുക്കര പഞ്ചായത്ത് അംഗം അരുൺ ഫിലിപ്പ്, മെഡിക്കൽ കോളജ് സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി കോമ്പൗണ്ടിൽ നിന്നും ഒഴിവാക്കിയിരുന്നു. ആശുപത്രി കോമ്പൗണ്ടിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമടക്കം ഭയാശങ്ക ഉണ്ടാക്കുന്ന തരത്തിൽ നിരവധി തെരുവുനായകളാണ് പരിസരത്ത് വിഹരിക്കുന്നത്. നായകളുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ട അധികൃതർ തയാറാകണമെന്നാണ് ആശുപത്രി അധികാരികളുടെ ആവശ്യം.