കോട്ടയം: സംസ്ഥാനത്തെ സ്‌പെഷ്യല്‍ സ്‌കൂളുകള്‍ അടഞ്ഞു കിടക്കുന്നത് വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിലാക്കുന്നു. ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതേണ്ട വിദ്യാർഥികളുടെ ഭാവി അനിശ്ചിത്വത്തിലാണെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.
ജനുവരി ഒന്ന് മുതലാണ് വീണ്ടും സ്‌കൂളുകളും കോളജുകളും തുറന്നത്. എന്നാല്‍ സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഇത്തരം സംവിധാനങ്ങളൊന്നും ഒരുക്കിയിട്ടില്ലെന്നാണ് ആരോപണം ഉയരുന്നത്. വിദ്യാർഥികളുടെ ഈ വര്‍ഷത്തെ പഠനം എങ്ങുമെത്തിയിട്ടില്ല. വിക്‌ടേഴ്‌സ് ചാനല്‍ വഴിയുള്ള ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാർഥികൾക്ക് പ്രയോജനപ്പെട്ടില്ലെന്നും രക്ഷാകര്‍ത്താക്കള്‍ ആരോപിച്ചു. അതിനാൽ തന്നെ പൊതു പരീക്ഷയില്‍ മാര്‍ക്ക് നേടാന്‍ ഈ വിദ്യാർഥികള്‍ക്ക് എത്രത്തോളം കഴിയുമെന്നതാണ് രക്ഷിതാക്കളുടെ ആശങ്ക.
പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി എല്ലാ വിധ സൗകര്യങ്ങളും സ്‌കൂളില്‍ ഒരുക്കിയെങ്കിലും ഹൈസ്‌കൂളില്‍ അധ്യാപക നിയനം നടക്കാത്തതും വെല്ലുവിളിയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി താൽകാലിക അധ്യാപകരാണുള്ളത്. വര്‍ഷാ വര്‍ഷം മാറി വരുന്ന അധ്യാപകര്‍ക്ക് വിദ്യാർഥികളെ വേണ്ട വിധം പരിശീലിപ്പിക്കാന്‍ കഴിയുന്നുമില്ല.
സ്ഥിരം അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനും വിദ്യാഭ്യാസ വകുപ്പിനും നിവേദനങ്ങള്‍ നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സാധാരണ കുട്ടികള്‍ക്ക് ലഭിക്കുന്ന പരിഗണന പോലും കിട്ടുന്നില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. വിദ്യാഭ്യാസ വകുപ്പിൻ്റെയും സര്‍ക്കാരിൻ്റെയും ഭാഗത്ത് നിന്ന് ഉടന്‍ നടപടി ഉണ്ടായില്ലെങ്കില്‍ കുട്ടികളുമായി സമരരംഗത്തിറങ്ങുമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി.