കോട്ടയം: വിദേശ പൗരന്‍മാര്‍ക്കായി പ്രത്യേക നിരീക്ഷണ കേന്ദ്രമൊരുക്കി ജില്ലാ ഭരണകൂടം. വിദേശത്തുനിന്ന് ജില്ലയിലെത്തുന്നവര്‍ക്ക് വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെങ്കിലും 28 ദിവസം വീടുകളില്‍ ജനസമ്പര്‍ക്കമില്ലാതെ കഴിയണമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം. താമസ സൗകര്യമില്ലാത്ത വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിദേശ പൗരന്‍മാര്‍ക്കായി പ്രത്യേക ക്വാറന്‍റയിന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെത്തിയ 2 ഫ്രഞ്ച് പൗരന്‍മാരെയും സ്പെയിനില്‍ നിന്നുള്ള 2 പേരെയും പാലാ ജനറല്‍ ആശുപത്രിയില്‍നിന്ന് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. നിരീക്ഷണ കാലാവധിയായ 28 ദിവസം പിന്നിട്ടാല്‍ ഇവര്‍ക്ക് സംസ്ഥാനത്ത് യാത്ര ചെയ്യുന്നതിനോ നാട്ടിലേക്ക് മടങ്ങുന്നതിനോ നിയന്ത്രണമില്ല.
വിദേശ പൗരന്‍മാരെ കൊവിഡ് 19 ബാധിതരായി മുദ്ര കുത്തുകയും അവര്‍ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്‌ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. നിരീക്ഷണ കാലാവധി പിന്നിട്ട വിദേശികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും നിഷേധിക്കാന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. ഇത്തരത്തിലുള്ള നടപടികൾ റിപ്പോർട്ടു ചെയ്യുന്ന പക്ഷം ഇവർക്കെതിരെ നിയമ നടപടികൾ ഉണ്ടാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.