കോട്ടയം: മെത്രാൻ കായലിൽ വീണ്ടും വിതയുത്സവം. കഴിഞ്ഞ മൂന്ന് തവണയും വിത്തെറിഞ്ഞ് നൂറ് മേനി കൊയ്‌തതിന്‍റെ ആത്മവിശ്വാസത്തിലാണ് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ ഇത്തവണ മെത്രാൻ കായലിൽ എത്തിയത്. ജലഗതാഗത മാർഗം പടശേഖരത്തിലെത്തിയ മന്ത്രി സുനിൽ കുമാർ കർഷകനായി മാറി. സുരേഷ് കുറുപ്പ് എംഎല്‍എക്കൊപ്പം പാടത്തേക്ക്. തുടർച്ചയായ നാലാം തവണയും മെത്രാൻകായൽ പാടശേഖരത്തിൽ അദ്ദേഹം വിത്തെറിഞ്ഞു.
കോട്ടയം ജില്ലയിൽ മാത്രം 5000 ഏക്കറോളം തരിശുനില കൃഷിയാണ് നടത്തിയിരിക്കുന്നത്. ഇതുകൂടാതെ വരുന്ന വർഷം സംസ്ഥാന വ്യാപകമായി 40000 ഏക്കറോളം കൂടി തരിശുനില നെൽകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മെത്രാൻ കായലിൽ 371 ഏക്കറിലാണ് വിത്ത് വിതക്കുക.120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഉമ ഇനത്തിൽപ്പെട്ട വിത്തിനമാണ് വിതക്കുക. കൃഷിയിറക്കാൻ തയ്യാറായിട്ടുള്ള 90 കർഷകർക്കും 50 ശതമാനം സബ്‌സിഡി നിരക്കില്‍ വിത്ത് ലഭ്യമാക്കിയിട്ടുണ്ട്.