കോട്ടയം: ഈ മണ്ഡലകാലത്ത് 800 നെയ്‌ത്തേങ്ങയുമായി ശബരിമലയ്ക്ക് പോകാനൊരുങ്ങുകയാണ് കോട്ടയം നീണ്ടൂര്‍ സ്വദേശി സോമന്‍ ആചാരി.കഴിഞ്ഞ 27 വര്‍ഷമായി മുടങ്ങാതെ മല ചവിട്ടുന്നയാളാണ് ഇദ്ദേഹം. ചുമട്ടു തൊഴിലാളിയും കൃഷിക്കാരനുമായ ഇദ്ദേഹം 2012 ലാണ് ആദ്യമായി നെയ്തേങ്ങയുമായി മല ചവിട്ടിയത്. ആദ്യ യാത്രയിൽ 100 നെയ്‌തേങ്ങകളുമായിട്ടായിരുന്നു ശബരിമല ദർശനം. മലയ്ക്ക് പോകാന്‍ സാധിക്കാത്ത ഭക്തര്‍ നിറച്ചു നല്‍കിയ തേങ്ങകളും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തേങ്ങകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. ഇത്തവണ 800 തേങ്ങകള്‍ സ്വയം ചുമന്നാണ് സോമന്‍ ആചാരി ശബരിമല ദര്‍ശനത്തിനെത്തുക.
ഈ യാത്രക്കാവശ്യമായ 800 ൽ അധികം തേങ്ങകൾ ഒറ്റ തെങ്ങിൽ നിന്ന് ലഭിച്ച സന്തോഷത്തിലാണ് സോമനാചാരി. വൃശ്ചികം പത്തിന് നീണ്ടൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നിന്നും കെട്ടുനിറച്ച് ശബരിമല ദര്‍ശനത്തിന് പുറപ്പെടും. ഭാവിയിൽ 1000 തേങ്ങകളുമായി ശബരിമല ദര്‍ശനം നടത്തണമെന്നാണ് സോമന്‍ ആചാരിയുടെ ആഗ്രഹം.