കോട്ടയം: തൊടുപുഴ- പാലാ, പാലാ- പൊന്‍കുന്നം റൂട്ടിൽ തകർന്ന സോളാർ ലൈറ്റുകൾ പുന:സ്ഥാപിക്കാൻ നടപടിയായില്ല. തെരുവ് വിളക്കുകൾ ഇല്ലാതായതോടെ സംസ്ഥാന പാതയുടെ പല ഭാഗങ്ങളും രാത്രിയാകുന്നതോടെ ഇരുട്ടിലാണ്.
തൊടുപുഴ- പാലാ റൂട്ടിൽ 700ഓളം സോളാർ ലൈറ്റുകളാണ് സ്ഥാപിച്ചിരുന്നത്. ഇവയില്‍ പലതും ഇന്ന് പ്രവര്‍ത്തനരഹിതമാണ്. വാഹനമിടിച്ചാണ് മുവാറ്റുപുഴ- പുനലൂർ പാതയിലെ ഭൂരിഭാഗം തെരുവ് വിളക്കുകളും തകർന്നത്. റോഡ് ആധുനിക നിലവാരത്തിൽ നവീകരിച്ചതോടെ കെഎസ്ടിപിയാണ് സോളാര്‍ ലൈറ്റുകളും സ്ഥാപിച്ചത്. തകരാത്ത ലൈറ്റുകളില്‍ സങ്കേതിക തകരാർ മൂലം പ്രവർത്തനരഹിതവുമാണ്. സോളാർ ലൈറ്റുകൾക്ക് വേണ്ടി ലക്ഷകണക്കിന് രൂപയാണ് ചിലവാക്കിയത്. ഐങ്കൊമ്പ്, പിഴക്, പന്ത്രണ്ടാം മൈൽ എന്നിവിടങ്ങളിലെല്ലാം ലൈറ്റുകൾ തകർന്നിട്ടുണ്ട്. തകർന്ന തൂണുകളിലെ ബാറ്ററികൾ മോഷണം പോകുന്നതും പതിവാണ്. വാഹനമിടിച്ച് തകരുന്ന ലൈറ്റുകള്‍ക്ക് ഒരുലക്ഷത്തോളം രൂപയാണ് കെഎസ്ടിപി ഈടാക്കുന്നത്. എന്നാല്‍ ലൈറ്റുകള്‍ സ്ഥാപിക്കാറില്ലെന്നതാണ് വസ്തുത. ലോറികള്‍ ചേര്‍ത്തുനിര്‍ത്തി ബാറ്ററി മോഷ്ടിക്കുന്നതും സ്ഥിരം സംഭവമാണ്. തിരക്കേറിയ പാതയിലെ സോളാർ ലൈറ്റുകൾ പുനസ്ഥാപിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.