കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനി, ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്‌ത കേസിൽ വഴിമുട്ടി അന്വേഷണം. ശാസ്ത്രീയ പരിശോധനാഫലം വൈകുന്നതാണ് പ്രതിസന്ധി. ഇതേത്തുടര്‍ന്ന്, അന്വേഷണം താത്കാലികമായി ക്രൈംബ്രാഞ്ച് നിർത്തിവച്ചു.
കഴിഞ്ഞ മാസം രണ്ടാം തിയതിയാണ് ശ്രദ്ധ സതീഷിൻ്റെ മരണം. സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴും അന്വേഷണം എങ്ങുമെത്താത്ത സ്ഥിതിയിലാണ്. ശ്രദ്ധ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്, മൊബൈൽ ഫോൺ, പുറമെ ആത്മഹത്യ കുറിപ്പ് എന്നിവയുടെ ശാസ്ത്രീയ പരിശോധനാഫലം ലഭിക്കാത്തതാണ് തിരിച്ചടി. ഇതോടെയാണ് അന്വേഷണം അനിശ്ചിതത്വത്തിലായത്.
അതേസമയം, സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികൾ പൂർത്തിയായിട്ടുണ്ട്. മരണത്തിൽ ദുരൂഹതയില്ലെന്നാന്ന് അന്വേഷണ സംഘത്തിൻ്റെ പ്രാഥമിക വിലയിരുത്തൽ. കോട്ടയം ജില്ല ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കോളജ് അധികൃതരുടെ മാനസിക പീഡനമാണ്, ശ്രദ്ധ ജീവനൊടുക്കാൻ കാരണമെന്നാണ് കുടുംബത്തിൻ്റെ പരാതി.
വിഷയത്തിൽ ദിവസങ്ങളോളം നീണ്ടുനിന്ന വിദ്യാർഥി സമരം അരങ്ങേറിയിരുന്നു. മന്ത്രിമാരുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്ക് ഒടുവിലാണ് സമരം പിൻവലിച്ചത്. അമൽ ജ്യോതിയിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർഥിനിയായിരുന്നു തിരുവാങ്കുളം സ്വദേശി ശ്രദ്ധ സതീഷ്.