കോട്ടയം: ചെങ്ങളം മൂന്നുമൂലയ്ക്ക് സമീപമുള്ള കേളക്കരി പാടശേഖരത്തില്‍ നെല്ലു വിളഞ്ഞ് കൊയ്ത്തിന് തയ്യാറായി. എന്നാല്‍ കൊയ്ത്തിന് ആളെ കിട്ടാനില്ലാത്ത അവസ്ഥ. പാടശേഖര സമിതി കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ (Agricultural research institute) സമീപിച്ചു. ഇതോടെ കേന്ദ്രത്തില്‍ നിന്നും ജപ്പാന്‍ ടെക്നോളജിയില്‍ വികസിപ്പിച്ചെടുത്ത കൊയ്ത്ത് യന്ത്രവും (Harvesting machine) ഓപ്പറേറ്ററും പാടത്തെത്തി.
എഞ്ചിന്‍ ഓപ്പറേറ്ററെ കണ്ടതോടെ നാട്ടുകാര്‍ക്ക് കൗതുകം. യന്ത്രത്തിന്‍റെ കട്രോള്‍ ഗിയര്‍ പിടിച്ചിരിക്കുന്നത് ഒരു വനിതയാണ്. നോർത്ത് പറവൂർ കരുമാലൂർ സ്വദേശി ഷിനി വിനോദിനെയാണ് (Shini Vinod) കേന്ദ്രം പാടശേഖരത്തിലേക്ക് അയച്ചിരിക്കുന്നത്. ലോകത്തെ എല്ലാ തൊഴില്‍ മേഖലകളിലും സ്ത്രീ സാന്നിധ്യ ശക്തമായ ഈ കാലത്ത് പുരുഷൻമാർ മാത്രം കൈയടക്കിവച്ചിരുന്ന മറ്റൊരു മേഖലയില്‍ കൂടി ഷിനി കഴിവ് തെളിയിച്ചു.
Also Read: വളയിട്ട കൈകളില്‍ ടിപ്പര്‍ വളയം; ഡ്രൈവറായി എഞ്ചിനീയര്‍ ശ്രീഷ്‌മ
വിവിധ പാടങ്ങളില്‍ ട്രാക്ടറുമായെത്തി ഉഴുതു മറിക്കുന്ന ജോലിയാണ് ആദ്യം ചെയ്തിരുന്നുത്. പിന്നീടാണ് കൊയ്ത്ത് യന്ത്രത്തില്‍ ജോലി ഏറ്റെടുത്തത്. മരടിൽ പ്രത്യേക പരിശീലനവും നേടി. കാർഷിക മേഖലയോടുള്ള ഇഷ്ടമാണ് കൊയ്ത്ത് യന്ത്രത്തിലേയ്ക്ക് അടുപ്പിച്ചത്. മണിക്കൂറിന് 250 രൂപ കൂലി ഈ ജോലിക്ക് ലഭിക്കും. നാലുവർഷമായി വിവിധ പാടങ്ങളിൽ യന്ത്രവുമായി ഷിനി എത്തുന്നുണ്ട്.
Also Read: സമരം തന്നെ ജീവിതമാക്കി മാറ്റിയ രണ്ട് സ്ത്രീകള്‍
മേഖലയെ കുറിച്ച് കൃത്യമായ അറിവില്ലാത്തതിനാലാണ് വനിതകൾ ഈ മേഖലയിലേക്ക് വരാൻ മടിക്കുന്നതെന്ന് ഷിനിപറയുന്നു. ബുദ്ധിമുട്ടേറെയുണ്ടെങ്കിലും അതെല്ലാം ജോലിയോടുള്ള താത്പര്യത്തിൽ ഇല്ലാതാകും. ജപ്പാൻ ടെക്നോളജിയിലുള്ള കുബോട്ട എന്ന യന്ത്രമാണ് ഷിനി ഉപയോഗിക്കുന്നത്.
ഈ യന്ത്രം കൈകാര്യം ചെയാൻ എളുപ്പമാണ്. ചെളിയിൽ യന്ത്രം താഴ്ന്ന് പോകില്ല. മരട് കാർഷിക പരിശീലന കേന്ദ്രത്തിൽ എല്ലാ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും പ്രവർത്തിപ്പിക്കാൻ പരിശീലനം കിട്ടിയിരുന്നു എന്നും ഷിനി പറഞ്ഞു.
Also Read: മുംബൈയില്‍ ബസ് ഓടിക്കാൻ ആദിവാസി യുവതികള്‍
കോട്ടയത്തെ പാടത്തെത്തിയ ഷിനി ഒരാഴ്ചകൊണ്ട് കൊയ്ത്ത് പൂർത്തിയാക്കാമെന്നാണ് കരുതുന്നത്. അതുവരെ താമസമടക്കമുള്ള സൗകര്യങ്ങൾ പാടശേഖര സമിതി പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. ഭർത്താവ് വിനോദും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാ പിന്തുണയും ഷിനിക്കുണ്ട്.