കോട്ടയം : ഷാൻ വധക്കേസിൽ ഗുണ്ടാ നേതാവിനായി പൊലീസ് തിരച്ചിൽ. കൊല്ലപ്പെട്ട ഷാനിന് പരിചയമുണ്ടെന്ന് പറയുന്ന ഗുണ്ടാസംഘത്തിന്‍റെ നേതാവ് ശരത് P രാജിനായാണ് (സൂര്യൻ ) പൊലീസ് അന്വേഷണം തുടങ്ങിയത്. അതേസമയം കേസിൽ ഗുണ്ടാ സംഘാംഗങ്ങളായ അഞ്ചുപേർ റിമാൻഡിൽ : ജോമോൻ K ജോസഫ് (38) കെ ബിനു മോൻ , ലുതീഷ് (28), സുധീഷ് ( 21 ),കിരൺ (23), എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്.
ഇവര്‍ക്കും കൊലപാതകത്തിൽ തുല്യപങ്കുണ്ടെന്നും അതിനാൽ കൊലക്കുറ്റം ചുമത്തുമെന്നും ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാര്‍ പറഞ്ഞു. വൈദ്യ പരിശോധനയ്ക്കുശേഷം ലുതീഷ്, സുധീഷ് എന്നിവരുമായി കൊല നടന്ന മാങ്ങാനത്തെ ഒഴിഞ്ഞ പറമ്പിലെത്തി പോലീസ് തെളിവെടുപ്പ് നടത്തി. കൊല നടത്തിയ രീതി ഇരുവരും വിശദീകരിച്ചു.
ഷാനിനെ കൊണ്ടുവന്ന് വിവസ്ത്രനാക്കി മതിലിൽ ചാരി നിർത്തി മർദ്ദിച്ചു .ഇടയ്ക്ക് ഷാനിന്‍റെ ശ്വാസം നിലച്ചുപോയി. ഈ സമയം നെഞ്ചിൽ ഇടിച്ചപ്പോൾ വീണ്ടും ശ്വാസം വന്നു. ഷാൻ ചത്തുപോകും ആശുപത്രിയിൽ കൊണ്ടു പോകാം എന്ന് പറഞ്ഞെങ്കിലും ജോമോൻ സമ്മതിച്ചില്ല, തുടർന്ന് തർക്കമായി. ഷാനിനെ ജോമോൻ ചുമന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ കൊണ്ടിടുകയായിരുന്നുവെന്നും ഇരുവരും പോലീസിനോട് പറഞ്ഞു.
ALSO READ:ബാങ്കിനെ കബളിപ്പിച്ച് ഒന്നര ലക്ഷത്തിലധികം തട്ടി ; രാജസ്ഥാൻ സ്വദേശികള്‍ കൊച്ചിയില്‍ പിടിയില്‍
കൊലപാതകത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങള്‍ക്കിടയിലുള്ള കഞ്ചാവ് വിതരണത്തിലെ തർക്കമാണോ എന്ന് സംശയമുണ്ട്. കൂടുതൽ വ്യക്തതക്ക് വേണ്ടിയാണ് എതിർ സംഘത്തിന്‍റെ നേതാവ് ശരത് P ബാബുവിനെ (സൂര്യൻ) കസ്റ്റഡിയിൽ എടുക്കുന്നത്.
ശരത്തിന്‍റേയും ലുതീഷിന്‍റേയും സംഘങ്ങളാണ് കോട്ടയം ജില്ലയിൽ കഞ്ചാവ് എംഡിഎംഎ , എൽഎസ്‌ഡി തുടങ്ങിയ ലഹരി വസ്തുക്കൾ വിതരണം ചെയ്യുന്നത് എന്നാണ് സൂചന. കഞ്ചാവ് കടത്തുമ്പോൾ ഷാനിനെ പിടിച്ചിട്ടുണ്ട്. ഒക്ടോബറിൽ തൃശൂരിൽ സൂര്യന്‍റെ നേതൃത്വത്തിലുള്ള സംഘം ലുതീഷിനെ മർദ്ദിച്ചിരുന്നു. ഇരു കൂട്ടരും ഒരുമിച്ചാണ് അതുവരെ പ്രവർത്തിച്ചിരുന്നത് .
അതേസമയം പ്രതി ജോമോന് സിപിഎമ്മുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നു. ജോമോന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളിൽ സിഐടിയു സമ്മേളനങ്ങളടക്കം പങ്കുവച്ചിട്ടുണ്ട് . സിപിഎം അനുകൂല പോസ്റ്റുകളുമുണ്ട്. എന്നാൽ പാർട്ടിയുമായി ജോമോന് ബന്ധമില്ലെന്നാണ് സിപിഎം ജില്ല സെക്രട്ടറി എ.വി റസലിന്‍റെ വിശദീകരണം.