കോട്ടയം: കേരള രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്‍കുന്ന തെരഞ്ഞെടുപ്പായിരിക്കും പാലാ ഉപതെരഞ്ഞെടുപ്പെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. എന്‍.ഡി.എ പാലാ മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ രാഷ്ട്രീയ ദിശാബോധം ഉപതെരഞ്ഞെടുപ്പോടെ പാലായില്‍ ഉരുത്തിരിയുമെന്നും മോദിയുടെ ഭരണത്തിന് ശേഷം ത്രിപുരയില്‍ സംഭവിച്ചത് പോലെയുള്ള സാഹചര്യം കേരളത്തില്‍ സംജാതമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരോ തവണയും എന്‍.ഡി.എക്ക് വോട്ടുകള്‍ കൂടി വരികയാണ്. ഇത്തവണ പാലാ മണ്ഡലത്തില്‍ മാറ്റമുണ്ടാകും. നരേന്ദ്ര മോദി അധികാരത്തില്‍ വന്നപ്പോള്‍ പറഞ്ഞ ഉറപ്പുകള്‍ പാലിച്ചുവെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
മോദിയുടേത് സാധാരണക്കാരുടെ സര്‍ക്കാരാണെന്നും കോണ്‍ഗ്രസ് മന്ത്രിമാര്‍ വിദേശ രാജ്യങ്ങളില്‍ പോയിരുന്നത് ഭിക്ഷയെടുക്കാനായിരുന്നെന്നും സദാനന്ദ ഗൗഡ വിമർശിച്ചു. എല്ലാ സംസ്ഥാനങ്ങളെയും ഒരേ പോലെയാണ് മോദി കാണുന്നതെന്നും ഈ വസ്തുതകള്‍ മനസിലാക്കി കേരളത്തിലെ ജനങ്ങള്‍ എന്‍.ഡി.എക്ക് പിന്നില്‍ അണിനിരക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലാ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിനു പുളിക്കക്കണ്ടം അധ്യക്ഷത വഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ, പി.സി തോമസ്, എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.ഹരി, എന്‍.ഡി.എയുടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.