മുണ്ടക്കയത്ത് അയ്യപ്പഭക്തരുടെ വാഹനം അപകടത്തില്‍പ്പെട്ടു ; ഒരു മരണം - മുണ്ടക്കയം അപകടം
Mundakayam Accident : മുണ്ടക്കയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.


Published : Jan 8, 2024, 1:17 PM IST
|Updated : Jan 8, 2024, 8:04 PM IST
കോട്ടയം/ഇടുക്കി : മുണ്ടക്കയത്ത് അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു (Mundakayam Accident). മധുര സ്വദേശി രാമകൃഷ്‌ണനാണ് മരിച്ചത്. ഇന്ന് (ജനുവരി 8) പുലര്‍ച്ചെ 12:30ഓടെ മുണ്ടക്കയത്തെ കോരുത്തോട്ടിലായിരുന്നു അപകടം(Sabarimala Pilgrimage).
തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നും ശബരിമലയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച മിനി ബസാണ് അപകടത്തില്‍പ്പെട്ടത്. മുണ്ടക്കയം കോരുത്തോട് റോഡിലെ ഇറക്കത്തില്‍ വാഹനത്തിന്‍റെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു. 25 പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്.
മിനി ബസിന്‍റെ ഡ്രൈവറാണ് മരിച്ച രാമകൃഷ്‌ണന്‍. അപകടത്തില്‍ പരിക്കേറ്റ രാമകൃഷ്‌ണനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. കുത്തിറക്കവും വലിയ വളവുകളും ഉള്ള മേഖലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു: ഇടുക്കി ശാന്തന്‍പാറ പന്നിയാര്‍ എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ തോട്ടം തൊഴിലാളി മരിച്ചു (Idukki Wild Elephant Attack). പന്നിയാർ എസ്റ്റേറ്റ് സ്വദേശി പരിമളമാണ് (45) മരിച്ചത്. കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ജനവാസ മേഖലയില്‍ ആറ് കാട്ടാനകളാണ് ഇറങ്ങിയത്. ഇന്ന് രാവിലെ പരിമളം തേയില തോട്ടത്തില്‍ ജോലിക്കായി പോകുന്നതിനിടെ ആയിരുന്നു അപകടം. പരിമളത്തിനൊപ്പം മറ്റ് തൊഴിലാളികളുമുണ്ടായിരുന്നു.
സമീപത്തുണ്ടായിരുന്ന ആനകള്‍ ഇവര്‍ക്ക് നേരെ പാഞ്ഞ് അടുക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ സ്ഥലത്ത് നിന്നും ഓടിമാറിയെങ്കിലും പരിമളത്തിന് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ആക്രമണത്തിന് ശേഷം കാട്ടാനക്കൂട്ടം സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.
നാട്ടുകാര്‍ ബഹളംവച്ചതോടെയാണ് ഇവ മേഖലയില്‍ നിന്നും പിന്മാറിയത്. തുടര്‍ന്നാണ് പരിക്കേറ്റ പരിമളത്തെ രാജകുമാരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. അവിടെ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷമാണ് പരിമളത്തെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയത്.
Read More: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി; റേഷന്‍കടക്ക് നേരെ ആക്രമണം
അതേസമയം, മൂന്നാറില്‍ അടുത്തിടെ വീണ്ടും പടയപ്പയുടെ ആക്രമണം ഉണ്ടായിരുന്നു. മൂന്നാര്‍ പെരിയവാര എസ്റ്റേറ്റില്‍ ആയിരുന്നു കാട്ടുകൊമ്പന്‍ ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുകൊമ്പന്‍ റേഷന്‍ കടയ്‌ക്ക് നേരെ ആക്രമണം നടത്തിയിരുന്നു.