കോട്ടയം: ശബരിമലയിൽ മാളികപ്പുറത്തിനു സമീപം വെടിമരുന്നിനു തീ പിടിച്ച് പൊള്ളലേറ്റ കരാർ തൊഴിലാളി മരിച്ചു. ചെറിയനാട് തോന്നയ്‌ക്കാട് ആറ്റുവടശ്ശേരി ഏ ആർ ജയകുമാർ (47) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെ മാളികപ്പുറത്തിനു സമീപം വെടിക്കെട്ടു പുരയിൽ കതിനയിൽ വെടിമരുന്നു നിറയ്‌ക്കുന്നതിനിടെ തീ പടർന്നാണ് പൊളളലേറ്റത്.
60 ശതമാനത്തിലേറെ പൊള്ളലേറ്റ ജയകുമാറിനെ ശബരിമലയിൽ നിന്ന് ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. ഇയാളോടൊപ്പം 20 ശതമാനത്തിലേറെ പൊള്ളലേറ്റ ചെങ്ങന്നൂർ കരയ്‌ക്കാട് പാലക്കുന്ന് മോടിയിൽ അമൽ (28), 40 ശതമാനത്തിലേറെ പൊള്ളലേറ്റ പാലക്കുന്ന് രജീഷ് (35) എന്നിവരും മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
ALSO READ: സന്നിധാനത്ത് വെടിപ്പുരയ്‌ക്ക് തീ പിടിച്ച് അപകടം ; മൂന്നുപേര്‍ക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
മെഡിക്കൽ കോളേജിലെ ബേൺസ് യുണിറ്റിലെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന ജയകുമാർ ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് മരണപ്പെട്ടത്. ഗൾഫിൽ നിന്നും മടങ്ങിയ ശേഷം ശബരിമലയിലെ വെടിക്കെട്ടു കരാറുകാരൻ്റെ തൊഴിലാളിയായി കഴിഞ്ഞ മൂന്നു വർഷക്കാലമായി പ്രവർത്തിച്ചുവരികയായിരുന്നു. ഭാര്യ അമ്പിളി, ഏക മകൻ ആദിത്യൻ.