കോട്ടയം: ശബരിമല വിഷയത്തിൽ സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടുണ്ടെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ ബാലകൃഷ്ണപിള്ള. പരമോന്നത നീതിപീഠത്തിന്‍റെ ഉത്തരവ് നടപ്പാക്കാൻ മാത്രമെ ഒരു സർക്കാരിന് കഴിയൂ. ശബരിമലയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ അമിതാവേശം വിനയായെന്നും അദ്ദേഹം പറഞ്ഞു.
കേരള കോൺഗ്രസ് (എം)ലെ നിലവിലെ പിളർപ്പിൽ, കോൺഗ്രസ് ആരെ പരിഗണിക്കുന്നുവോ അവരായിരിക്കും ഔദ്യോഗിക പക്ഷമെന്ന അഭിപ്രായമാണ് അദ്ദേഹത്തിന്. ഭിന്നിച്ച് പല തട്ടിലായി നിൽക്കുന്ന കേരള കോൺഗ്രസുകളുടെ യോജിപ്പിനായി ആർ ബാലകൃഷ്ണപിള്ള ചില നിബന്ധനകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി അവകാശവാദം ഉന്നയിക്കില്ലന്നും അദ്ദേഹം വ്യക്തമാക്കി. പാലാ ഉപതെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ കേരളാ കോൺഗ്രസ് (ബി)യുടെ വിപുലമായ സമ്മേളനം പാലായിൽ ചേരുമെന്നും ആര്‍ ബാലകൃഷ്ണപിള്ള കോട്ടയത്ത് പറഞ്ഞു.