കോട്ടയം: റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷ് സാമ്പത്തിക തട്ടിപ്പു കേസിൽ അറസ്റ്റിൽ (Robin Bus Owner Gireesh Arrested In Financial Fraud Case). 2012 ൽ രജിസ്റ്റർ ചെയ്‌ത ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ഗിരീഷിന്‍റെ അറസ്‌റ്റ്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു.
2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പൊലീസ് നടപടി. എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ ഗിരീഷിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.
അതേസമയം കേസെടുത്തത് പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിച്ചു. ഗിരീഷിനെതിരെ പ്രതികാര നടപടികൾ തുടരട്ടെ എന്ന് ഭാര്യ നിഷ പ്രതികരിച്ചു. ഒരാഴ്‌ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്. നാളെ അവസാന തീയതിയാണ്. ഇത്രയും ദിവസം ഉണ്ടായിട്ടും ഞായറാഴ്‌ച വന്നത് എന്തിനാണെന്നും നിഷ ചോദിച്ചു. ഗിരീഷിനൊപ്പം രണ്ട് ആൾ ജാമ്യക്കാരും ഉണ്ട്. ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിഷ പറഞ്ഞു.
Also Read: എംവിഡി കുരുക്കില്‍ വീണ്ടും റോബിന്‍ ബസ്; പെര്‍മിറ്റ് ലംഘനം ആരോപിച്ച് വാഹനം കസ്റ്റഡിയില്‍ എടുത്തു
ഗിരീഷിനെതിരെ പരാതിയുമായി സഹോദരൻ: നേരത്തെ റോബിൻ ബസുടമയ്‌ക്കെതിരെ പരാതിയുമായി സഹോദരൻ ബേബി ഡിക്രൂസ് രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കാണ് അദ്ദേഹം പരാതി നൽകിയത്. വർഷങ്ങളായി ഗിരീഷ് മാനസികമായി പീഡിപ്പിക്കുന്നെന്ന് ബേബി ഡിക്രൂസ് ആരോപിച്ചു.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് വീട്ടിൽ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. തന്‍റെ സ്വത്തുക്കളും വസ്‌തുക്കളും ഗിരീഷ് കയ്യടക്കി, നിരന്തരമായി ഭീഷണിപ്പെടുത്തി, കിടപ്പിലായ മാതാപിതാക്കളെ കാണാൻ അനുമതി നിഷേധിച്ചതായും സഹോദരൻ പറയുന്നു.
ഭീഷണിയും ഉപദ്രവവും മൂലം ഒളിവിൽ എന്ന പോലെയാണ് ജീവിക്കുന്നതെന്നും സഹോദരൻ വെളിപ്പെടുത്തി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറഞ്ഞു.