കോട്ടയം: കൊയ്‌ത് കൂട്ടിയ നെല്ല് പാടത്ത് നിന്ന് കരയ്ക്ക് എത്തിക്കാൻ തൊഴിലാളികള്‍ ഇല്ലാതായതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ നെൽകർഷകർ ആശങ്കയിൽ. കാലങ്ങളായി നെല്ല് കരയ്ക്ക് എത്തിക്കുന്ന ജോലി ചെയ്‌തു വന്നിരുന്ന തൊഴിലാളി യൂണിയനുകളാണ് കർഷകരെ ചതിച്ചത്. കോട്ടയം കിളിരൂർ പ്രദേശത്തെ കോതാടി കണ്ണങ്കേരി, കിഴക്കേ തായങ്കരി പാടശേഖരങ്ങളിൽ ടൺ കണക്കിന് നെല്ലാണ് പാടത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നത്.
ഒമ്പത് ദിവസം മുമ്പാണ് ഈ പാടശേഖരങ്ങളിൽ കൊയ്ത്ത് നടത്തിയത്. എന്നാൽ നെല്ല് ചാക്കുകളിലാക്കി തല ചുമടായി കരയ്ക്ക് എത്തിക്കാൻ തൊഴിലാളികളില്ല. ഈ ജോലി ചെയ്യാൻ കര്‍ഷകരെ തൊഴിലാളി യൂണിയൻ അനുവദിക്കില്ല. അതിനാൽ കർഷകർക്ക് മറ്റു വഴിയില്ല.
നെല്ല് പാടത്ത് കിടന്നാൽ വേനൽ മഴ വന്ന് മുഴുവൻ നശിക്കുമെന്ന് കർഷകർ പറയുന്നു. വായ്‌പ എടുത്ത് കൃഷിയിറക്കിയവരാണ് ഇവിടുത്തെ കര്‍ഷകരില്‍ അധികവും. പലരും പാട്ടകൃഷിയാണ് നടത്തുന്നത്. വെയിലിൽ നെല്ല് കൂടുതൽ ഉണങ്ങിയാൻ തൂക്കം നഷ്ട്ടപ്പെടാനും സാധ്യതയുണ്ട്. അതും കർഷകർക്ക് നഷ്‌ടം ഉണ്ടാക്കും.
അതിനാൽ നെല്ല് കയറ്റി വിടാനുള്ള നടപടി ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഇത്തവണ വിളവ് കുറവായിരുന്നു എന്നും കർഷകർ പറയുന്നു. ഒരു ഏക്കറിൽ 30 ക്വിന്‍റൽ കിട്ടുന്നിടത്ത് 20 ക്വിന്‍റൽ മാത്രമാണ് ഇത്തവണ കിട്ടിയത്. ഇത് കർഷകർക്ക് നഷ്ട്ടമുണ്ടാക്കും. നെല്ല് കൊണ്ടുപോയാലേ മുടക്ക് മുതലെങ്കിലും കർഷകർക്ക് കിട്ടുകയുള്ളൂ.
യൂണിയനുകളുടെ പിടിവാശി മൂലം അതും കിട്ടാനുള്ള വഴി ഇല്ലാതായിരിക്കുകയാണ് എന്നാണ് കര്‍ഷകരുടെ പക്ഷം. കർഷകരുടെ ബുദ്ധിമുട്ട് മനസിലാക്കി നെല്ല് നീക്കത്തിനുള്ള നടപടികൾ എത്രയും വേഗം നടത്തണമെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു.
നെല്‍ കര്‍ഷകരെ വലയ്‌ക്കുന്നത് നിരവധി കാര്യങ്ങള്‍: നിരവധി പ്രതിസന്ധികളിലൂടെ ആണ് പല സാഹചര്യങ്ങളിലും കോട്ടയത്തെ നെല്‍ കര്‍ഷകര്‍ കടന്നു പോയിട്ടുള്ളത്. വേനലില്‍ കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭിക്കാത്തത് മുതല്‍ കൊയ്‌ത നെല്ല് സംഭരിക്കാന്‍ സാധിക്കാത്തതും ജില്ലയിലെ കര്‍ഷകരെ വല്ലാതെ വലയ്‌ക്കുന്ന പ്രതിസന്ധികളാണ്. ആവശ്യത്തിനുള്ള വിത്തുകള്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്തതും പലപ്പോഴും കര്‍ഷകര്‍ക്ക് ദുരിതം സമ്മാനിക്കാറുണ്ട്.
കോട്ടയത്ത് നെല്ല് സംഭരണത്തിനായി അധിക കിഴിവ് ആവശ്യപ്പെട്ട മില്ല് ഉടമകള്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നവംബറില്‍ കൃഷി വകുപ്പ് നടപടി എടുത്തത് ഏറെ ചര്‍ച്ചയായിരുന്നു. നെല്ലിന് ഈര്‍പ്പം കൂടുതലാണെന്ന് പറഞ്ഞാണ് മില്ലുടമകള്‍ അധിക കിഴിവ് ആവശ്യപ്പെട്ടത്. പത്ത് കിലോയില്‍ അധികം കിഴിവ് ആവശ്യപ്പെട്ട കോട്ടയം ആര്‍പ്പക്കരയ്‌ക്ക് സമീപം ചൂരത്തറ പാടശേഖരത്തിലെ രണ്ട് മില്ലുകള്‍ക്ക് നേരെയാണ് കൃഷി വകുപ്പിന്‍റെ നടപടി ഉണ്ടായത്.
കോട്ടയം പോലെ തന്നെ ഏറെ പ്രതിസന്ധി നേരിടുന്ന ഒരു കാര്‍ഷിക മേഖലയാണ് കണ്ണൂരിലെ പയ്യന്നൂര്‍. തൊഴിലാളി ക്ഷാമം പലപ്പോഴും പയ്യന്നൂരിലെ കര്‍ഷകരെയും വലയ്‌ക്കാറുണ്ട്. കാലാവസ്ഥ വ്യതിയാനങ്ങളോട് മല്ലിട്ട് കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് തൊഴിലാളി ക്ഷാമം ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതൊന്നുമല്ല. വയലിലെ പണികള്‍ക്ക് മാത്രമല്ല, കൊയ്‌ത്ത് കഴിഞ്ഞ് നെല്ല് കൃത്യമായ സ്ഥലത്ത് എത്തിക്കാനും പലപ്പോഴും തൊഴിലാളികളെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ തൊഴിലാളികളുടെ ക്ഷാമവും തൊഴിലാളി യൂണിയനുകളുടെ ഇടപെടലും കാരണം കോട്ടയം ഉള്‍പ്പെടെയുള്ള പ്രധാന നെല്‍കൃഷി കേന്ദ്രങ്ങളില്‍ നെല്ല് കെട്ടി കിടക്കുന്നത് പതിവാണ്.