കോട്ടയം: തെരഞ്ഞെടുപ്പ് നടത്തിയിട്ടും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് സമിതി രൂപീകരിക്കാത്തതിനാല്‍ സന്നദ്ധ സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് രജിസട്രേഷന്‍ പുതുക്കാനോ എടുക്കാനോ കഴിയുന്നില്ലെന്ന് പി.സി ജോര്‍ജ് എംഎല്‍എ. ഓര്‍ഫനേജ് ആന്‍ഡ് അദര്‍ ചാരിറ്റിബിള്‍ ഹോംസ് ആക്‌ട് 1960 പ്രകാരം സാമൂഹിക നീതി വകുപ്പിന്‍റെ കീഴിലുള്ള ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിനാണ് കേരളത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സന്നദ്ധ സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അംഗീകാരം നല്‍കാന്‍ അധികാരം. 15 പേരടങ്ങുന്ന ബോര്‍ഡ് അഞ്ച് വര്‍ഷത്തേക്കാണ് രൂപീകരിക്കുന്നത്. എന്നാല്‍ 2019ല്‍ തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇതുവരെ സമിതി രൂപീകരിക്കാന്‍ സര്‍ക്കാരിനായിട്ടില്ലെന്ന് പി.സി ജോര്‍ജ് ആരോപിച്ചു.
കേരളത്തില്‍ രണ്ടായിരത്തോളം സ്ഥാപനങ്ങളിലായി ഒരു ലക്ഷത്തോളും പേരെ സംരക്ഷിച്ച് പരിപാലിക്കുന്നുണ്ട്. ഇവര്‍ക്ക് കഴിഞ്ഞ നാല് വര്‍ഷമായി സര്‍ക്കാര്‍ ആനുകൂല്യങ്ങളോ റേഷനോ ലഭിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്‍ സെന്‍ററുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങളും സമാന സ്ഥിതിയിലാണെന്നും കുട്ടികളുടെ സംരക്ഷണത്തിനായുള്ള മുന്നൂറിലധികം സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സഹായമില്ലാതെ ഇതിനോടകം തന്നെ പൂട്ടിപ്പോയി. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധചെലുത്തണമെന്നും പി.സി ജോര്‍ജ് ആവശ്യപ്പെട്ടു.