കോട്ടയം: കൊവിഡ് 19നെ തുടർന്ന് റെഡ് സോണിലായ കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഭേദഗതിയുമായി ജില്ലാ ഭരണകൂടം. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണ ഇളവുകൾ നല്‍കി ഞായറാഴ്‌ച ജില്ല കലക്ടർ പി.കെ സുധീർ ബാബു പുറത്തിറക്കിയ ഭേദഗതി പരാജയപ്പെട്ടതോടെയാണ് പുതിയ ഉത്തരവിറക്കിയത്.
ജില്ലയിൽ പ്രവർത്തനാനുമതിയുള്ള എല്ലാ വ്യാപാര സ്ഥാപങ്ങളും രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ച് മണി വരെ മാത്രമെ പ്രവർത്തിക്കാവൂ. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ ഹോം ഡെലിവറിയും പാഴ്‌സല്‍ സർവീസും മാത്രമേ അനുവദിക്കൂ.
ഞായറാഴ്ച ഇറക്കിയ ഉത്തരവ് പ്രകാരം അവശ്യ സർവീസിനായി വാഹനം നിരത്തിലിറക്കാന്‍ അനുവദിച്ചിരുന്നു . ഇതോടെ നൂറുകണക്കിന് വാഹനങ്ങളാണ് ക്രമാതീതമായി ജില്ലയിലെ നിരത്തുകളിൽ ഇറങ്ങിയത്.തുടർന്നാണ് വാഹനങ്ങൾക്ക് നമ്പർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം കൊണ്ടുവരാൻ ജില്ല ഭരണകൂടം തീരുമാനിച്ചത്.
പുതിയ ഉത്തരവ് പ്രകാരം അടിയന്തര ആവശ്യങ്ങൾക്ക് മാത്രമാണ് ജില്ലയിൽ വാഹന ഗതാഗതം അനുവദിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒന്ന്, മൂന്ന് അഞ്ച്, ഏഴ് എന്നീ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങളും, ചൊവ്വാ, വ്യാഴം,ശനി ദിവസങ്ങളിൽ പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന വാഹനങ്ങളും അടിയന്തരാവശ്യത്തിനായി നിരത്തിലിറക്കാം.
ഞായറാഴ്ചകളില്‍ വ്യാപാര വ്യവസയ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനോ വാഹന ഗതാഗതത്തിനോ അനുമതിയില്ല. രാത്രികാല യാത്രകൾക്കും പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. വയോജനങ്ങൾ, കുട്ടികൾ, ഗർഭണികൾ, മറ്റ് അസുഖങ്ങൾ ഉള്ളവർ ഒരു കാരണവശാലും പുറത്ത് ഇറങ്ങരുതെന്നും നിർദേശമുണ്ട്. റെഡ് സോണിലുൾപ്പെട്ട കോട്ടയത്ത് അനുവദിച്ച നിയന്ത്രണ ഇളവുകളിൽ അവ്യക്തതയുണ്ടന്ന് ഉണ്ടെന്ന് തോമസ് ചാഴികാടൻ എംപി ആരോപിച്ചിരുന്നു. കൂടുതൽ ഇളവുകൾ വലിയ പ്രതിസന്ധി സൃഷ്ട്ടിക്കുമെന്ന വിലയിരുത്തലിലാണ് ജില്ലാ ഭരണകൂടത്തിന്‍റെ പുതിയ നടപടി.