കോട്ടയം: കൊവിഡിനെ തുടർന്ന് റെഡ് സോൺ പട്ടികയിലുള്ള കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ നിരത്തിലറങ്ങി. ജില്ലാ ഭരണകൂടം അനുവദിച്ച ഇളവുകൾ ചൂണ്ടിക്കാട്ടിയാണ് ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങിയത്. കാറുകളും ഇരുചക്രവാഹനങ്ങളും ഉൾപ്പെടെ സ്വകാര്യ വാഹനങ്ങൾക്കും കടകൾക്കുമാണ് ജില്ലാ കലക്ടർ സുധീർ ബാബു ഇളവുകൾ പ്രഖ്യാപിച്ചത്. ഗ്രാമീണ മേഖലയിൽ വ്യവസായ സ്ഥാപനങ്ങൾ, മാളുകൾ ഒഴികെയുള്ളവയ്ക്കും പ്രവർത്തനാനുമതി നൽകിയിരുന്നു. കോട്ടയം മാർക്കറ്റിലും കൂട്ടത്തോടെ ആളുകൾ എത്തിയത് ഗതാഗതക്കുരുക്കിനും കാരണമായി.
അതിനിടെ, ഇളവുകൾ പ്രഖ്യപിച്ചതില്‍ അവ്യക്തതയുണ്ടെന്ന ആരോപണവുമായി തോമസ് ചാഴിക്കാടൻ എം.പി രംഗത്തെത്തി. നിലവിൽ ഗ്രീൻ സോണിൽ ഉൾപ്പെട്ട ജില്ലകളെക്കാൾ കൂടുതല്‍ തിരക്കാണ് കോട്ടയം ജില്ലയിൽ അനുഭവപ്പെടുന്നത്. നഗരത്തിലുൾപ്പെടെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ നട്ടം തിരിയികുയാണ് പൊലീസും. റെഡ് സോണിലുള്ള ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്നാണ് സംസ്ഥാന സർക്കാരിന്‍റെ നിർദേശം.