കോട്ടയം:മുഖ്യമന്ത്രിയുടെ വിദേശയാത്രകളെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശയാത്രകളിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ യാത്രകൾ ഉല്ലാസയാത്രകൾ മാത്രമായി മാറുകയാണന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. എം.ജി യൂണിവേഴ്സിറ്റി മാർക്ക് ദാന വിവാദത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ ഗവർണറെ വെല്ലുവിളിക്കുകയാണെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് എം. ജി യൂണിവേഴ്സിറ്റിയിലെ മാർക്ക് ദാന വിവാദത്തെ കറുത്ത അധ്യായമെന്നും വിശേഷിപ്പിച്ചു.
യൂണിവേഴ്സിറ്റിയുടെ അധികാര പരിധിയിൽ കൈകടത്തിയ മന്ത്രി രാജിവയ്ക്കണമെന്നും ഗവർണറെ തെറ്റിദ്ധരിപ്പിക്കുന്ന പ്രതികരണങ്ങളാണ് യൂണിവേഴ്സിറ്റിയും മന്ത്രിയും നൽകികൊണ്ടിരിക്കുന്നത് എന്നും ചെന്നിത്തല പറഞ്ഞു. മാർക്ക് ദാന വിവാദത്തിൽ പോരായ്മകൾ സിൻഡിക്കേറ്റിൻ്റെ തലയിൽ കെട്ടിവച്ച് തടിയൂരാനുള്ള ശ്രമമാണ് കെ.ടി ജലീൽ നടത്തുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.